Breaking Now

വാദ്യ സംഗീതത്തിന്റെ വിസ്മയ വേദിയായ 'Let's Break It Together' ല്‍ സ്‌നേഹസംഗീതത്തിന് താളമേളമൊരുക്കാനെത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങള്‍ ; നാളെ വൈകീട്ട് അഞ്ചു മണിയ്ക്ക് ലൈവ് ടാലന്റ് ഷോ ആസ്വദിക്കാം

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്  മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ആഗസ്റ്റ് 11 ചൊവ്വ 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങളാണ്. സഹോദരങ്ങളില്‍ ജ്യേഷ്ഠനായ ആരണ്‍ വയലിനില്‍ സ്‌നേഹ സംഗീതമുണര്‍ത്തുമ്പോള്‍ ഇളയ സഹോദരന്‍ അലന്‍ കീബോര്‍ഡില്‍ മാസ്മരിക സംഗീതത്തിന്റെ അഴകൊരുക്കും.

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ആരണ്‍ മാഞ്ചസ്റ്റര്‍ ഭാരത് വിദ്യാ ഭവനില്‍ നിന്നും വയലിനില്‍ പരിശീലനം നേടുന്നു. മാഞ്ചസ്റ്റര്‍ ട്രിനിറ്റി ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ഹൈസ്‌കൂള്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയായ ഈ 15 വയസ്സ്‌കാരന്‍ സംഗീതത്തോടൊപ്പം ഡാന്‍സും ക്രിക്കറ്റും ബാഡ്മിന്റണും ഏറെ ഇഷ്ടപ്പെടുന്നു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍  ഡാന്‍സ് ഇനത്തില്‍ വിജയിയായ ആരണ്‍,  യുക്മ നാഷണല്‍ കലാമേളയിലും ഡാന്‍സില്‍  സമ്മാനാര്‍ഹനായിട്ടുണ്ട്. സ്‌കൂള്‍ ക്രിക്കറ്റ് ടീമിലെ സജീവാംഗമായ ആരണ്‍ പ്‌ളെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയാണ് തന്റെ മികവ് തെളിയിച്ചത്.   റീജിയണല്‍ തല ക്രിക്കറ്റ്, ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വിജയികളായ സ്‌കൂള്‍ ടീമിലെ അംഗമാണ് ആരണ്‍. കലാ കായിക മേഖലകളില്‍ വളരെ സജീവമായി പങ്കെടുക്കുന്നതോടൊപ്പം എയര്‍ കേഡറ്റ്‌സ് ട്രെയിനിംഗിലും ആരണ്‍ പങ്കെടുക്കുന്നുണ്ട്.

സംഗീത വഴികളില്‍ ജ്യേഷ്ഠനോടൊപ്പം നടന്ന് തുടങ്ങിയ അലന്‍ കീബോര്‍ഡില്‍ തന്റെ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനെത്തുകയാണ്. മാഞ്ചസ്റ്റര്‍ ഭാരത് വിദ്യാ ഭവനില്‍ നിന്നും കീബോര്‍ഡില്‍ പരിശീലനം നേടുന്ന ഈ 13 വയസ്സ്‌കാരന്‍ ഡാന്‍സിലും ഏറെ തല്പരനാണ്. മാഞ്ചസ്റ്ററിലെ  ട്രിനിറ്റി ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ഹൈസ്‌കൂളില്‍ ഇയര്‍ 8 വിദ്യാര്‍ത്ഥിയാണ് അലന്‍. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍ ഡാന്‍സില്‍ വിജയിയായ അലന്‍ യുക്മ ദേശീയ കലാമേളയിലും സമ്മാനാര്‍ഹനായിട്ടുണ്ട്. സംഗീതം, നൃത്തം തുടങ്ങിയ കലാ ഇനങ്ങളില്‍ പരിശീലനം തുടരുന്നതോടൊപ്പം എയര്‍ കേഡറ്റ് ട്രെയിനിംഗിലും അലന്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ജയന്‍ തട്ടാരുപറമ്പില്‍  നിഷ പുല്ലര്‍കാട്ട് ദമ്പതികളുടെ മക്കളാണ് ആരണും അലനും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗങ്ങളാണ് ജയന്റെ കുടുംബം.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വാദ്യസംഗീതത്തിന്റെ വസന്തം തീര്‍ക്കാനെത്തുന്ന ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങള്‍ക്ക് പിന്തുണയേകാന്‍ യുക്മ സാംസ്‌കാരിക വേദിയുടെ  'Let's Break It Together' ല്‍ 11/08/2020 ചൊവ്വ

5 P M ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. 

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Sajish Tom

 

കുര്യന്‍ ജോര്‍ജ്ജ് 

(യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.