CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 51 Seconds Ago
Breaking Now

സൗത്ത് യോര്‍ക്ക്ഷയറില്‍ 2 ദിവസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമോ? ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിച്ചതോടെ കുഞ്ഞ് മരിച്ചു; മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്; പിഞ്ചുശരീരത്തില്‍ ഏറ്റിരുന്നത് ഗുരുതര പരുക്കുകള്‍

കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തില്‍ കൊലക്കുറ്റം സംശയിച്ച് ഇവരെ അറസ്റ്റ് ചെയ്തതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ്

അഞ്ച് മാസം മുന്‍പ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് നല്‍കിവന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം പിന്‍വലിച്ചതിനെത്തുടര്‍ന്ന് മരിച്ചു. മരണത്തിന് കാരണമായ പരുക്കേല്‍പ്പിച്ചതിന് പിന്നില്‍ മാതാപിതാക്കളെന്ന സംശയത്തില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. അതീവ ഗുരുതരമായ പരുക്കുകളോടെയാണ് 2 ദിവസം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മെയ് 16-നാണ് കെയ്‌റാ മായെ ബാണ്‍സ്ലി ആശുപത്രിയില്‍ എത്തിച്ചത്. പരുക്കുകളെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി. പരുക്കുകളില്‍ നിന്ന് ഒരു തരത്തിലും മുക്തി നേടാതെ വന്നതോടെയാണ് പെണ്‍കുഞ്ഞിന് നല്‍കിവന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ തിങ്കളാഴ്ച ഉച്ചയ്ക്ക് ഡോക്ടര്‍മാര്‍ നീക്കിയത്. സൗത്ത് യോര്‍ക്ക്ഷയര്‍ ബാണ്‍സ്ലിയിലെ ഡെയില്‍ ക്ലോസിലുള്ള ഭവനത്തില്‍ ഡോഗ് കെന്നെല്‍ ബിസിനസ്സ് നടത്തുന്നവരാണ് മാതാപിതാക്കളായ എയ്മിയും, 31, അലക്‌സും, 38. 

ഇവരുടെ മകള്‍ മരിക്കാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ച് രക്ഷിതാക്കളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എങ്ങിനെയാണ് കുട്ടിക്ക് പരുക്കേറ്റതെന്ന് വ്യക്തമായിട്ടില്ല. വീട്ടില്‍ നായകളെ വളര്‍ത്തുന്ന കാര്യം മാത്രമാണ് അയല്‍ക്കാര്‍ക്കും അറിവുള്ളത്. ജൂലൈയില്‍ അമ്മ എയ്മി തങ്ങളുടെ കുഞ്ഞ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്തും നേരിടാന്‍ തയ്യാറാകാന്‍ നിര്‍ദ്ദേശിച്ചതോടെ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നാണ് ഇവര്‍ കുറിച്ചത്.

എന്നാല്‍ കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തില്‍ കൊലക്കുറ്റം സംശയിച്ച് ഇവരെ അറസ്റ്റ് ചെയ്തതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് വ്യക്തമാക്കി. ഇവര്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലുണ്ട്. 'രണ്ട് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ പെണ്‍കുഞ്ഞിന് ഏറ്റ പരുക്കുകള്‍ അതീവ ഗുരുതരമായിരുന്നു', ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫില്‍ എതെറിഡ്ജ് വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.