Breaking Now

സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ 10,000 പൗണ്ട് പിഴ; കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ കുതിക്കുന്നതിന് ഇടയില്‍ പുതിയ വിലക്കുകള്‍ കര്‍ശനമാക്കി ബോറിസ്; രണ്ടാം ലോക്ക്ഡൗണിന്റെ പേരില്‍ മന്ത്രിമാര്‍ തമ്മിലടി; കുറഞ്ഞ വേതനക്കാര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോയാല്‍ 500 പൗണ്ട് സമാശ്വാസം

രണ്ടാം ലോക്ക്ഡൗണ്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി ചാന്‍സലര്‍ ഋഷി സുനാകിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ രംഗത്തുണ്ട്

കൊവിഡ് ബാധിച്ച് വീടുകളില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇത് ലംഘിച്ചാല്‍ 10,000 പൗണ്ട് വരെ പിഴ ഈടാക്കാനുള്ള കര്‍ശനമായ നിയമങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രണ്ടാം ദേശീയ ലോക്ക്ഡൗണിലേക്ക് നീങ്ങിയാല്‍ സമ്പദ് വ്യവസ്ഥ തകരുമെന്നതിനാല്‍ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ രൂക്ഷമായ സംവാദത്തിലാണ്. ഇതിനിടയിലാണ് വൈറസില്‍ പോസിറ്റീവായി മാറുന്നവര്‍ക്ക് സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്നത് ജനങ്ങളുടെ ഉത്തരവാദിത്വമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ടെസ്റ്റ് & ട്രേസ് സ്റ്റാഫിനും ഇത് നടപ്പാക്കാം.

ഇതിന് പുറമെ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെടുന്ന കുറഞ്ഞ വേതനക്കാരായ 4 മില്ല്യണ്‍ ജനങ്ങള്‍ ജോലിക്ക് പോകാന്‍ കഴിയാതെ വീടുകളില്‍ തുടരുമ്പോള്‍ 500 പൗണ്ട് ലംപ് സം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം നിയമം ലംഘിക്കുന്നവര്‍ക്കുള്ള തുക 1000 പൗണ്ടില്‍ തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ ഇത് 10,000 പൗണ്ടിലേക്ക് ഉയരും. സെല്‍ഫ് ഐസൊലേഷനില്‍ ആയത് മൂലം ജോലിക്ക് എത്താത്ത ജീവനക്കാരെ പുറത്താക്കുമെന്ന് ഭീഷണി മുഴക്കുന്ന ബിസിനസ്സ് ഉടമകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാകും. 

അതേസമയം സര്‍ക്കാര്‍ വിലക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ആഘോഷിച്ച് തീര്‍ക്കാന്‍ ലണ്ടനിലും, നോട്ടിംഗ്ഹാമിലുമുള്ള ബാറുകളിലും, പബ്ബുകളിലും വലിയ തിരക്കാണ് ദൃശ്യമായത്. സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റി രംഗത്തിറങ്ങുകയും, പോലീസ്, കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ വിഭാഗങ്ങള്‍ പട്രോളിംഗ് നടത്തുകയും ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുതിച്ചുയരുന്ന കൊവിഡ് കേസുകളാണ് ഡൗണിംഗ് സ്ട്രീറ്റിനെ അങ്കലാപ്പിലാകുന്നത്. സര്‍ക്യൂട്ട് ബ്രേക്കിംഗ് രണ്ടാം ലോക്ക്ഡൗണാണ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകര്‍ നിര്‍ദ്ദേശിക്കുന്നത്. 

എന്നാല്‍ രണ്ടാം ലോക്ക്ഡൗണ്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി ചാന്‍സലര്‍ ഋഷി സുനാകിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തുണ്ട്. മന്ത്രിമാര്‍ ലോക്ക്ഡൗണ്‍ ആവശ്യം അംഗീകരിക്കാത്ത പക്ഷം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി രാജിയ്ക്ക് ഒരുങ്ങുന്നതായി ആശങ്കയുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഭയന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണ്‍ലൈന്‍ ഡെലിവെറി സ്ലോട്ടുകള്‍ അതിവേഗം തീരുകയാണ്. ആളുകള്‍ ആശങ്ക മുന്‍നിര്‍ത്തി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. 
കൂടുതല്‍വാര്‍ത്തകള്‍.