12 ദിവസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്തുനായ കടിച്ചുകൊന്ന സംഭവം ദുരന്തമെന്ന് വിരല്‍ചൂണ്ടി ഇന്‍ക്വസ്റ്റ്. അമ്മ ടോയ്‌ലറ്റിലും, പിതാവ് മറ്റൊരു കുട്ടിക്കൊപ്പം വീടിന് പുറത്തും ആയിരിക്കവെയാണ് നായ കുഞ്ഞിനെ കടിച്ച് കൊന്നതെന്ന് ഇന്‍ക്വസ്റ്റില്‍ വിശദമാക്കപ്പെട്ടു. സൗത്ത് യോര്‍ക്ക്ഷയര്‍ ഡോങ്കാസ്റ്ററിലെ കുടുംബ വീട്ടില്‍ സെപ്റ്റംബര്‍ 13-നാണ് ടെഡ്ഡിയെന്ന് വിളിക്കുന്ന നായ കുഞ്ഞ് എലണ്‍ ജേസ് എല്ലിസ് ജോയിന്‍സിനെ കൊലപ്പെടുത്തിയത്.
പരിഭ്രാന്തയായ അമ്മ അബിഗെയില്‍ എല്ലിസ് ആംബുലന്‍സ് വിളിക്കുമ്പോള്‍ കുഞ്ഞ് എലണിന് ജീവനുണ്ടായിരുന്നതായി ഡോങ്കാസ്റ്റര്‍ കൊറോണേഴ്‌സ് കോടതി വിചാരണയില്‍ വ്യക്തമാക്കപ്പെട്ടു. എലണ്‍ ശ്വാസമെടുക്കുന്നതായി 999 കോള്‍ ഹാന്‍ഡ്‌ലറെ അമ്മ അറിയിച്ചു. എന്നാല്‍ കാലില്‍ നിന്നോ, വയറിന്റെ ഭാഗത്ത് നിന്നോ ചോര ഒഴുകുന്നതിനാല്‍ സ്ഥിതി മോശമാണെന്നും ഇവര്‍ വ്യക്തമാക്കി.
ഞായറാഴ്ചയാണ് സൗത്ത് യോര്‍ക്ക്ഷയര്‍ ആംബുലന്‍സില്‍ അബിഗെയിലിന്റെ വിളി എത്തുന്നതെന്ന് കൊറോണര്‍ ഓഫീസര്‍ ഡേവിഡ് കോപ്ലി കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 1ന് പിറന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഹിയറിംഗില്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്തില്ല.
സീനിയര്‍ കൊറോണര്‍ നിക്കോള മുണ്ടി എലണിന്റെ മൃതദേഹം സംസ്‌കാരത്തിനായി വിട്ടുനല്‍കി. അന്വേഷണം നടക്കുന്നതിനാല്‍ അത് വരെ തുടര്‍ന്നുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചു. മാതാപിതാക്കള്‍ക്ക് എതിരെ ഗുരുതര അശ്രദ്ധക്കാണ് കേസെടുത്തിട്ടുള്ളത്.