CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 8 Minutes 21 Seconds Ago
Breaking Now

രണ്ടാഴ്ച സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍; ലേബര്‍ നേതാവ് കിയര്‍ സ്റ്റാര്‍മറിന് പിന്തുണ; ഹാഫ്‌ ടേമില്‍ നടപടി സ്വീകരിക്കാന്‍ ബോറിസിന് മേല്‍ സമ്മര്‍ദമേറുന്നു

പ്രതിദിനം 28000 പേര്‍ക്കെങ്കിലും പുതുതായി രോഗം പിടിപെടുന്നതായി ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കി

ലേബര്‍ നേതാവ് കിയര്‍ സ്റ്റാര്‍മര്‍ പിന്തുണയ്ക്കുന്ന സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ ടെസ്റ്റ്, ട്രാക്ക്, ട്രേസ് സിസ്റ്റത്തിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണം നല്‍കുകയും, മഹാമാരിയെ നിയന്ത്രിക്കാന്‍ സഹായമൊരുക്കുകയും ചെയ്യുമെന്ന് യുകെയിലെ ഏറ്റവും വലിയ ടീച്ചേഴ്‌സ് യൂണിയന്‍. സര്‍ക്യൂട്ട് ബ്രേക്കര്‍ വന്നാല്‍ ഹാഫ് ടേമിലുള്ള ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളും, കോളേജുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടേണ്ടിവരും. എന്നാല്‍ ഇതുവഴി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുമെന്ന് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ പറഞ്ഞു. 

രാജ്യത്ത് എത്രയും വേഗം സര്‍ക്യൂട്ട് ബ്രേക്കര്‍ പ്രഖ്യാപിക്കണമെന്നാണ് ലേബര്‍ നേതാവ് ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിക്ക് മഹാമാരിക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുന്നുവെന്നും സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തുന്നു. ഹാഫ് ടേമില്‍ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ വന്നാല്‍ തടസ്സങ്ങള്‍ ലഘൂകരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വൈറസിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ചില ത്യാഗങ്ങള്‍ വേണ്ടിവരുമെന്നും ലേബര്‍ നേതാവ് കൂട്ടിച്ചേര്‍ക്കുന്നു. 

ഇംഗ്ലണ്ടില്‍ ഇപ്പോഴും കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലോക്ക്ഡൗണ്‍ ആവശ്യത്തിന് പിന്തുണ വര്‍ദ്ധിപ്പിക്കുകയാണ്. പ്രതിദിനം 28000 പേര്‍ക്കെങ്കിലും പുതുതായി രോഗം പിടിപെടുന്നതായി ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 15,650 കേസുകളും, 136 മരണങ്ങളുമാണ് ബ്രിട്ടന്‍ രേഖപ്പെടുത്തിയത്. മഹാമാരി വീണ്ടും വളരുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഇതിനിടെയാണ് എന്‍ഇയു സെക്കന്‍ഡറി സ്‌കൂളുകളും, കോളേജുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ ആവശ്യപ്പെടുന്നത്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പരമാവധി ഒഴിവാക്കാന്‍ തന്നെയാണ് ശ്രമമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ടിയര്‍ 3 ലോക്ക്ഡൗണ്‍ ഏല്‍ക്കാത്ത പക്ഷം കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് ബോറിസിന്റെ വാക്കുകളില്‍ മുഴങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.