ലണ്ടന്‍: ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ ചേപ്പാട് പള്ളി ദേശീയപാത വികസനത്തിന്റെ പേരില്‍ പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. പഴയ അലൈയ്‌മെന്റ് മാറ്റി ചേപ്പാട് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥലം ഉള്‍പ്പെടുത്തിയതില്‍ ദുരൂഹത ആരോപിച്ച് വിശ്വാസികള്‍ രംഗത്ത് എത്തി. റോഡിന്റെ വളവ് നിവര്‍ക്കാന്‍ എന്ന ന്യായം പറഞ്ഞാണ് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുക്കാന്‍ അധികൃതര്‍ തുനിഞ്ഞിരിക്കുന്നത്.
എന്നാല്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ നടത്തിയ അലൈന്‍മെന്റും കല്ലിടലിനുമെതിരെ വരുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി നല്‍കാനൊരുങ്ങുകയാണ് വിശ്വാസ സമൂഹം. 2017ല്‍ നാഷണല്‍ ഹൈവേ വികസന അതോറിറ്റി തയാറാക്കി അനുമതി നല്‍കിയ സര്‍വ്വേ അനുസരിച്ച് ചേപ്പാട് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥലം ഒഴിവാക്കിയാണ് സ്ഥലമെടുപ്പിനുള്ള കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുതിയ അലൈന്‍മെന്റ് അനുസരിച്ച് ദേശീയപാത വികസനത്തിനുള്ള 14.2 മീറ്ററും ഇപ്പോള്‍ കിഴക്കുഭാഗത്ത് നിന്നാണ് എടുത്തിരിക്കുന്നത്. ഇതുമൂലം പള്ളിയുടെ കൊടിമരവും പ്രധാന ഹാളിന്റെ പകുതിയും നഷ്ടപ്പെടും. എന്‍ ടി പി സി ജംക്ഷന്‍ മുതല്‍ ചേപ്പാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡിന്റെ ഭാഗം വരെയുള്ള ഒരു കിലോമീറ്റര്‍ അലൈന്‍മെന്റ് മാറ്റം വന്നതോടെയാണ് വീണ്ടും അളവെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ എതിര്‍പ്പുമായി രംഗത്ത് എത്തി.
തര്‍ക്കം രൂക്ഷമായതോടെ കരീലകുളങ്ങര പൊലീസ് സ്ഥലത്തെത്തി. ചരിത്ര പ്രാധാന്യമുളളതും സമുദായ സൗഹാര്‍ദ്ദത്തിന്റെ പ്രതീകവും സംരക്ഷിത മന്ദിരമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസിയോസിന്റെ കബറിടം സ്ഥിതി ചെയ്യുന്നതുമായ പള്ളിയുടെ സ്ഥലം വിട്ടുനല്‍കുന്നത് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് ഹൃദയവേദനയാണ് ഉണ്ടാക്കുക.
കേരള ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച 170 ലധികം വര്‍ഷം പഴക്കമുള്ള ചേപ്പാട് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥലം കൈയേറിയുള്ള റോഡ് വികസനത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നു.
ദേശീയപാത വികസനത്തിന്റെ പേരില്‍ അതിപുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുളള ചേപ്പാട് ഓര്‍ത്തഡോക്‌സ് പള്ളി പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യു കെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന കൗണ്‍സില്‍ അംഗം സോജി ടി .മാത്യു ആവശ്യപ്പെട്ടു
ഓര്‍ത്തഡോക്‌സ് സഭാ ചരിത്രത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അവിഭാജ്യഘടകമായ ചേപ്പാട് പള്ളി പൊളിക്കാനുള്ള തിരക്കിട്ട നീക്കത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ദേശീയപാത വികസനത്തിന് വേണ്ടി 2017 ല്‍ അംഗീകരിച്ച അലൈന്‍മെന്റ് മാറ്റിയത് സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും സോജി ടി മാത്യു പറഞ്ഞു.