CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 48 Seconds Ago
Breaking Now

കൊവിഡ് 'രോഗമുക്തി' നേടിയ രോഗികള്‍ 140 ദിവസത്തിനകം മരിക്കുന്നു? എട്ടില്‍ ഒരു രോഗിയെ കാത്തിരിക്കുന്നത് മരണം; ആശുപത്രി പ്രവേശനത്തിന്റെ ബാക്കിപത്രം ഞെട്ടിക്കുന്നു; കാല്‍ശതമാനം പേരും ഗുരുതര രോഗങ്ങളുമായി ആഴ്ചകള്‍ക്കുള്ളില്‍ തിരികെ ആശുപത്രിയില്‍ എത്തും!

പോസിറ്റീവ് ടെസ്റ്റ് നടത്തി 28 ദിവസത്തിനകം മരിക്കുന്ന രോഗിയുടെ പേര് മാത്രമാണ് കൊവിഡ് പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത്.

കൊറോണാവൈറസ് പിടിപെട്ട് രോഗമുക്തി നേടിയാലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് ഇംഗ്ലണ്ടിലെ കണക്കുകള്‍. രോഗമുക്തി നേടിയ കൊവിഡ് രോഗികളില്‍ കാല്‍ശതമാനം പേരും അഞ്ച് മാസത്തിനകം വീണ്ടും ആശുപത്രി തേടിയെത്തുന്നതായും, എട്ടില്‍ ഒരാള്‍ വീതം കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം മരണമടയുന്നുവെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. 

ആദ്യഘട്ട കൊവിഡ് വ്യാപന കാലത്ത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് നേടിയ 47,870 പേരില്‍ 29.4 ശതമാനവും 140 ദിവസത്തിനകം തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 12.3 ശതമാനം പേര്‍ മരിച്ചതായും ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയും, ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സും ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ വ്യക്തമായി. കൊറോണാവൈറസിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ മൂലം രോഗമുക്തി നേടുന്നവരില്‍ ഹൃദ്രോഗ പ്രശ്‌നങ്ങള്‍, പ്രമേഹം, ഗുരുതരമായ ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവ രൂപപ്പെടുന്നതായാണ് കണ്ടെത്തല്‍.

കൊവിഡുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്ത ആളുകളുടെ ഏറ്റവും വലിയ പഠനമാണ് നടത്തിയതെന്ന് ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൈമറി കെയര്‍ ഡയബറ്റീസ് & വാസ്‌കുലാര്‍ മെഡിസിന്‍ പ്രൊഫസര്‍ കമലേഷ് ഖുണ്ഡി പറഞ്ഞു. 'ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്നത്, മറ്റ് ദീര്‍ഘകാല പ്രത്യാഘാതങ്ങളുമായാണ്, ഇവര്‍ തിരിച്ചുവന്ന് മരണത്തെ പുല്‍കുന്നു. 30 ശതമാനം പേര്‍ വീണ്ടും അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോള്‍ എണ്ണം വളരെ വലുതാണ്', പ്രൊഫ. ഖുണ്ഡി പറഞ്ഞു. 

പ്രാഥമിക വിവരങ്ങള്‍ പ്രകാരമാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. വീണ്ടും തിരിച്ചെത്തുന്ന രോഗികള്‍ മറ്റ് പ്രശ്‌നങ്ങളുമായാണ് വരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സുലിന്‍ നിര്‍മ്മിക്കുന്ന ബീറ്റാ കോശങ്ങളെ കൊവിഡ് നശിപ്പിച്ചിക്കുന്നതോടെ ടൈപ്പ് 2 ഡയബറ്റിസ് രൂപപ്പെടുന്നതാണോ ഇതിന് പിന്നിലെന്ന് നമുക്ക് ഇപ്പോഴും അറിയാന്‍ കഴിഞ്ഞിട്ടില്ല. പുതുതായി കണ്ടെത്തുന്ന ഡയബറ്റിസ് കേസുകളുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്, പ്രൊഫസര്‍ ഖുണ്ഡി വ്യക്തമാക്കി. 

പോസിറ്റീവ് ടെസ്റ്റ് നടത്തി 28 ദിവസത്തിനകം മരിക്കുന്ന രോഗിയുടെ പേര് മാത്രമാണ് കൊവിഡ് പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രോഗം പിടിപെട്ട് മാസങ്ങള്‍ക്ക് ശേഷം മറ്റ് ഗുരുതര രോഗങ്ങളുമായി ഇവര്‍ തിരികെ എത്തുന്നുവെങ്കില്‍ മരണസംഖ്യയും ഇതനുസരിച്ച് വ്യത്യാസപ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.