Breaking Now

സുഗതകുമാരി ടീച്ചറിന്റെയും അനില്‍ പനച്ചൂരാന്റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി.....

കോവിഡ് കാലത്തെ മലയാളത്തിന്റെ നഷ്ട്ട ദുഃഖങ്ങളില്‍ ഏറ്റവും തീവ്രമായിരുന്നു സുഗതകുമാരി ടീച്ചറിന്റെയും അനില്‍ പനച്ചൂരാന്റെയും വേര്‍പാട്. ടീച്ചറിന്റെയും പനച്ചൂരാന്റെയും ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ തൊഴുകൈകളോടെയാണ് ജനുവരി ലക്കം ജ്വാല ഇ  മാഗസിന്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മലയാളത്തിന് ആര്‍ദ്രസാന്ദ്രമായ കവിതകള്‍ നല്‍കി വായനക്കാരുടെ കണ്ണുകളെ ഈറനണിയിപ്പിച്ച കവയത്രി മാത്രമായിരുന്നില്ല സുഗതകുമാരി. അഴിമതിക്കും പ്രകൃതിയെ ചൂഷണം ചെയ്‌യുന്നതിരെയും സ്ത്രീ പീഡനത്തിനെതിരെയും നിരന്തരം തൂലിക ചലിപ്പിച്ച എഴുത്തുകാരി കൂടി ആയിരുന്നു സുഗതകുമാരി ടീച്ചര്‍ എന്ന് എഡിറ്റോറിയലില്‍ റജി നന്തികാട്ട് അഭിപ്രായപ്പെട്ടു. 

കവിതകള്‍ ചൊല്ലി മലയാളിയുടെ മനസ്സില്‍ ചേക്കേറിയ കവി ആയിരുന്നു അനില്‍ പനച്ചൂരാന്‍. വിപ്ലവത്തിന്റെ തീപ്പൊരി വരികളില്‍ നിറഞ്ഞപ്പോള്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ യുവജനത അതേറ്റു പാടി. ഈ കാലത്തിലെ രണ്ടു മഹത് വ്യക്തികളുടെയും വേര്‍പാടില്‍ ജ്വാല ഇ  മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ്  സ്മരണാഞ്ജലി അര്‍പ്പിച്ചു.

ഈ ലക്കത്തില്‍ വായക്കാരുടെ അഭിരുചിക്കനുസരിച്ച് നിരവധി രചനകള്‍ അടങ്ങിയിരിക്കുന്നു. ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനെ വിചിന്തനം ചെയ്തു സി.എസ്. ചന്ദ്രികയുടെ ലേഖനം 'ഹിന്ദുത്വ ചങ്ങാത്ത മുതലാളിത്ത ഭീകരതയെ പ്രതിരോധിക്കുന്ന കര്‍ഷക സമരം' ആ വിഷയത്തില്‍ വളരെയേറെ അറിവുകള്‍ പകരുന്നു.

ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളില്‍ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സാഹസിക സഞ്ചാര കഥയാണ് 'റോബിന്‍സണ്‍ ക്രൂസോ'. ഈ പ്രശസ്ത ഗ്രന്ഥത്തിന്റെ കര്‍ത്താവ് 'ഡാനിയല്‍ ഡീഫോ', ഇംഗ്ലീഷ് പത്ര പ്രവര്‍ത്തകനും നോവലിസ്റ്റും ലഘുലേഖാകാരനുമായിരുന്നു. ഒരു സാങ്കല്പിക കഥയാണ് 'റോബിന്‍സണ്‍ ക്രൂസോ' എഴുതുന്നതിന് നിദാനമായ സംഭവങ്ങള്‍ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ആര്‍. ഗോപാലകൃഷ്ണന്‍ തന്റെ ലേഖനത്തില്‍ ' റോബിന്‍സണ്‍ ക്രൂസോ'   എന്ന  ലേഖനത്തില്‍.

ദൃശ്യമാധ്യമപ്രവര്‍ത്തകന്‍, കളിയെഴുത്തുകാരന്‍, സിനിമാനടന്‍, കഥാകൃത്ത്, അവതാരകന്‍, അഭിമുഖകാരന്‍..... അങ്ങനെ പലതുമാണ് മലയാളിക്ക് ജോണ്‍ സാമുവല്‍. ശരിക്കും ഒരു ഓള്‍റൗണ്ടര്‍. ജോണ്‍ സാമുവലിനെ കൂടുതല്‍ പരിചയപ്പെട്ടുത്തുകയാണ് കൗതുകമുണര്‍ത്തുന്ന ശൈലിയില്‍ രവി മേനോന്‍ 'ഇങ്ങനെയും ഉണ്ടായിരുന്നു ഒരു ജോണ്‍ സാമുവല്‍' എന്ന രചനയില്‍.

മുരളി മംഗലത്ത് രചിച്ച ഒരു തിരുവാതിരച്ചിന്ത്, സുകുമാരന്‍ കെ ആആറിന്റെ 'പുതുകവിത', സ്മിത സൈലേഷ് രചിച്ച  'വസന്തം' . യുകെയിലെ എഴുത്തുകാരില്‍ സുപരിചിതയായ ലിന്‍സി വര്‍ക്കിയുടെ  'ഇരുപുറങ്ങള്‍'  എന്നീ നാലു കവിതകള്‍ ഈ ലക്കത്തില്‍ കവിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വായനക്കാരെ വളരെ ആകര്‍ഷിക്കുന്ന രണ്ടു കഥകളും ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. നവമാധ്യമങ്ങളില്‍ നിരവധി വായനക്കാരുടെ പ്രിയ എഴുത്തുകാരി മേദിനി കൃഷ്ണന്‍ എഴുതിയ 'പെരുമലയന്‍' എന്ന കഥ ഈ ലക്കത്തിലെ മനോഹരമായ രചനകളില്‍ ഒന്നാണ്. അതുപോലെ തന്നെ ശ്രീകല മേനോന്‍ എഴുതിയ 'ആഭ' എന്ന കഥയും.

യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ്) യുടെ കലാ  സാംസ്‌ക്കാരിക വിഭാഗമായ 'യുക്മ സാംസ്‌ക്കാരികവേദി' ആണ് ജ്വാല ഇ  മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. ജ്വാല ഇ മാഗസിന്റെ ജനുവരി ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക

https://issuu.com/jwalaemagazine/docs/january_2021  

Jwala e magazine

റജി നന്തികാട്ട്  

 
കൂടുതല്‍വാര്‍ത്തകള്‍.