CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 33 Seconds Ago
Breaking Now

ലോലശതാവരി കേരളപ്പിറവിക്ക് ബ്രിട്ടനിലെ പ്രവാസിമലയാളിപ്പെണ്കുട്ടിയുടെ ഗാനസമര്‍പ്പണം റിലീസ് ചെയ്തു ,

ലണ്ടന്‍.കേരളപ്പിറവി ദിനത്തില്‍ യു കെ യില്‍ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവര്‍പ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോണ്‍.  മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ രചിച്ച് അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകന്‍ ബേണിയും മകന്‍ ടാന്‍സനും സംഗീതം നല്‍കിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാര്‍ച്ചനയാണ്.  

ഒക്ടോബര്‍ 31ന്  വൈകിട്ട്   zoom ല്‍ നടന്ന ലോഞ്ചിങ്ങില്‍ മധു ബാലകൃഷ്ണന്‍ ഈ മനോഹരഗാനം മലയാളക്കരക്കു സമര്‍പ്പിക്കുകയുണ്ടായി. ഗാനരചയിതാവ് ഹരിനാരായണനും സംഗീതസംവിധായകര്‍ ബേണിയും ടാന്‍സണും മറ്റ് അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

2017 ല്‍ ജിനോ കുന്നുംപുറത്തിന്റെ ആല്‍ബത്തിലൂടെ സംഗീതലോകത്തേക്ക് എത്തി ഇതിനകം ഇരുപത്തിയഞ്ചിലധികം മലയാള ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി.  യു കെ യിലെ  പ്രോഗ്രാമുകളിലെ നിറസാന്നിധ്യമായ ടെസ്സ നിരവധി ക്രിസ്ത്യന്‍ ആല്‍ബങ്ങളും നാടോടി, ഓണപ്പാട്ടുകളും, പ്രണയഗാനവും ഒക്കെ ഇതിനോടകം ചെയ്തു കഴിഞ്ഞു.      സച്ചിദാനന്ദന്‍ വലപ്പാടിന്റെയും അശ്വതി വിജയന്റെയും കീഴില്‍ സംഗീതം അഭ്യസിക്കുന്ന ടെസ്സ പാശ്ചാത്യ സംഗീതവും സംഗീതോപകരണങ്ങളും പഠിക്കുന്നുണ്ട്. കെ എസ് ചിത്ര, ശരത്ത്, ജി വേണുഗോപാല്‍, എം ജി ശ്രീകുമാര്‍ തുടങ്ങി നിരവധി പ്രമുഖ സംഗീതജ്ഞരുടെ സ്റ്റേജില്‍ പാടിയ ടെസ്സ  ഈ ലോക് ഡൗണ്‍ കാലത്ത്  ട്യൂട്ടേഴ്‌സ് വാലി നടത്തിയ ലൈവ് പ്രോഗ്രാമുകളിലൂടെ ഔസേപ്പച്ചന്‍, വിനീത് ശ്രീനിവാസന്‍, ഗോപി സുന്ദര്‍, വിദ്യാസാഗര്‍ തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം പങ്കെടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള മലയാളികള്‍ പാടിനടക്കുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവാണ് ബി കെ ഹരിനാരായണന്‍. ഒപ്പം, ജോസഫ്, തീവണ്ടി തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ഇപ്പോഴും നമ്മുടെ ചുണ്ടുകളില്‍ തത്തികളിക്കുന്നത് ആ വരികളുടെ ഭംഗി മൂലമാണ്.  ലോലശതാവരിയുടെ  വരികള്‍ രചിച്ച ബി കെ ഹരിനാരായണന്റെ വാക്കുകള്‍ ഇങ്ങനെയാണ്:  

'ബേണിമാസ്റ്ററുടെ ഒരു വിളിയിലൂടെയാണീപ്പാട്ടിലേയ്ക്ക് എത്തുന്നത്. മാഷ് ഇതിനെക്കുറിച്ച് പറയുമ്പോള്‍ ഒരു പൂവിരിയുന്നപോലുള്ള പാട്ട് എന്നായിരുന്നു മനസ്സില്‍. അങ്ങനെയാണ്‍ ലോലശതാവരിയില്‍ എന്ന് തുടങ്ങുന്ന പല്ലവി എഴുതിയത്. ശതാവരിവള്ളിയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് പണ്ട് പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ കവിതയില്‍നിന്നാണ് . ഒരുപക്ഷേ അതെവിടെയോ സ്വാധീനമായി കിടന്നിട്ടുണ്ടാവാം.

ജീവിതത്തിന്റെ, സൃഷ്ടിയുടെ, സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഓര്‍മ്മയുടെ ഒക്കെ പൂവിരിച്ചില്‍ എന്നരീതിയിലാണ്  ഈ പാട്ടിന്റെ വരികള്‍ എഴുതാന്‍ ശ്രെമിച്ചിട്ടുള്ളത്. പല്ലവികേട്ട് മാഷ് ഇഷ്ടപ്പെടുകയും തുടര്‍ന്ന് രണ്ട്  ചരണങ്ങള്‍ എഴുതുകയും ചെയ്തു. പട്ദീപില്‍ ഒരു ഗസ്സലിന്റെ ഒഴുക്കോടെ ബേണിമാഷും മകന്‍ ടാന്‍സണും ചേര്‍ന്ന് അതിന് ഈണക്കുപ്പായമൊരുക്കി. സുന്ദരമായ ശബ്ദത്തില്‍ ഭാവാര്‍ദ്ദ്രമായി ടെസ്സ ജോണ്‍ അതു പാടി. അങ്ങനെ ആ ഗാനം നിങ്ങളിലേക്കെത്തുന്നു'.

മലയാളികള്‍ക്ക് പ്രത്യേകിച്ച് സംഗീതപ്രേമികള്‍ക്ക്  ഒരിക്കലും മറക്കാനാവാത്ത ഒരു പേരാണ് ബേണിഇഗ്‌നേഷ്യസ് എന്നത്. 1994 ല്‍ 'തേന്മാവിന്‍കൊമ്പത്തിലൂടെ' മലയാളികള്‍ നെഞ്ചേറ്റിയ ആ ബേണിയും മകന്‍ ടാന്‍സണും സംഗീതം നല്‍കിയ ലോലശതാവരിയുടെ സംഗീതവും  കേള്‍ക്കാന്‍ ഇമ്പമുള്ളതും കാതുകള്‍ക്ക് കുളിര്‍മഴ പെയ്യിക്കുന്നതുമാണ്. ലോലശതാവരിക്ക്  സംഗീതം നല്‍കിയ ബേണിയുടെയും ടാന്‍സന്റെയും  വാക്കുകള്‍ ഇപ്രകാരമാണ് :

'ലോലശതാവരി എന്ന ലളിതഗാനം കുറെ മാസ്സങ്ങള്‍ക്ക് മുന്‍പുണ്ടായ ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞ ഗാനമാണ്. മഹാരഥന്മാരായ സംഗീതസംവിധായകരും ഗാനരചയിതാക്കളും സൃഷ്ടിച്ച കേരളത്തിലെ ലളിതഗാനസമാഹാരത്തില്‍ ഞങ്ങളുടെ എളിയ സൃഷ്ടിയും ചേരുമല്ലോ എന്നോര്‍ത്തു സന്തോഷം തോന്നി. ഗാനരചയിതാവ് ഹരിനാരായണന്റെ വരികള്‍ വായിച്ചപ്പോള്‍ ഹിന്ദുസ്ഥാനിരാഗമായ പട്ദീപില്‍ ചെയ്താല്‍ കൊള്ളാമെന്ന് തോന്നി. ബാഹ്യാര്‍ത്ഥവും അന്തരാര്‍ത്ഥവും എല്ലാം ചേര്‍ന്ന് മനോഹരവും ഒപ്പം മൂല്യമുള്ളതുമാണ് വരികള്‍. വരികളുടെയും ഈണത്തിന്റെയും ഭംഗിയും ഭാവവും ആശയവും ഒട്ടും ചോര്‍ന്നുപോകാതെ മനോഹരമായി പൂര്‍ണ്ണതയോടെ ടെസ്സ ആലപിച്ചിട്ടുണ്ട്. പ്രഗത്ഭരായ ഉപകരണസംഗീതവിദഗ്ധരും ഒന്നാംകിട സ്റ്റുഡിയോയും എല്ലാം ഈ ഗാനത്തെ ഈ നിലയില്‍ എത്തിക്കുവാന്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗുരു വിജയസേനന്‍സാറിനെ നന്ദിയോടെ സ്മരിക്കുന്നു. ട്യൂട്ടേഴ്‌സ് വാലി മുഖാന്തിരം എല്ലാവരിലേക്കും ഈ ഗാനം പരക്കട്ടെ എന്ന് പ്രത്യാശിക്കുന്നു'.

 

ഹരിനാരായണന്റെ വരികള്‍ക്ക് ബേണിയും ടാന്‍സണും സംഗീതം നല്‍കി യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ആലപിച്ച ഈ മനോഹരഗാനം നിങ്ങള്‍ക്കും ഇഷ്ടപ്പെടും എന്നുറപ്പ്.  ലളിതഗാനമത്സരവേദികളില്‍ ഇനിയുള്ള കാലം ഈ ഗാനം മുഴങ്ങികേള്‍ക്കട്ടെ.

 

ഈ ഗാനം  കേള്‍ക്കുവാനും കാണുവാനും  താഴെയുള്ള  ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

https://www.youtube.com/watch?v=6QIHZ5fvW_I

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.