2021ല്‍ കലാരംഗത്തിന് കനത്ത ആഘാതം സൃഷ്ടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ, അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ' നെടുമുടി വേണു നഗര്‍' എന്ന് നാമകരണം ചെയ്ത വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും.
മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍നിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകള്‍ ഈവര്‍ഷം നഗര്‍ നാമകരണ മത്സരത്തില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും നെടുമുടി വേണുവിന്റെ പേര് മാത്രമാണ് വ്യക്തിയെന്ന നിലയില്‍ നിര്‍ദ്ദേശിച്ചതെന്നത് അദ്ദേഹത്തിന്റെ അഭിനയത്തികവിനോടുള്ള മലയാളി സമൂഹത്തിന്റെ സ്‌നേഹപ്രകടനമായി മാറിയിരിക്കുന്നു.
പേര് നിര്‍ദ്ദേശിച്ചവരില്‍നിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ, മിഡ്‌ലാന്‍ഡ്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷനില്‍ (MICKA) നിന്നുമുള്ള ജോബെന്‍ തോമസ് ആണ്. കൂടാതെ ഡോ.ബിജു പെരിങ്ങത്തറ, ജേക്കബ് കോയിപ്പള്ളി, ജിജി വിക്ടര്‍, സോണിയ ലുബി, റെയ്‌മോള്‍ ജോസഫ്, സുനില്‍കുമാര്‍, ടെസ്സ സൂസന്‍ ജോണ്‍, ശ്രേയാ സജീവ്, എന്നിവര്‍ക്കു കൂടി പ്രോല്‍സാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ദേശീയ കലാമേളയുടെ സമ്മാനദാനത്തിനോടൊപ്പം വിജയിയെ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നതാണ്.
ഭാരതീയ സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂര്‍ത്തി സ്വാമികളും എം എസ് വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ എന്‍ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടന്‍ കലാഭവന്‍ മണിയും, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറും, തെന്നിന്ത്യന്‍ അഭിനയ വിസ്മയം ശ്രീദേവിയും, ഇന്ത്യന്‍ സംഗീത വിസ്മയവും ബഹുമുഖപ്രതിഭയുമായ എസ് പി ബാലസുബ്രസ്മണ്യം എന്നിവരെല്ലാം അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.
ലോഗോ രൂപകല്‍പ്പന മത്സരത്തില്‍ വിജയി.........
കലാമേള ലോഗോ മത്സരവും അത്യന്തം വാശിയേറിയതായിരുന്നു ഈ വര്‍ഷവും. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ യോര്‍ക്ഷെയര്‍ & ഹംമ്പര്‍ റീജിയനിലെ
കീത് ലി മലയാളി അസോസിയേഷനിലെ ഫെര്‍ണാണ്ടസ് വര്‍ഗീസ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയി ആയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കലാമേള നഗറിന്റെ പേര് നിര്‍ദ്ദേശിച്ച് വിജയിയായത് ഫെര്‍ണാണ്ടസ് ആയിരുന്നു. ലോഗോ മത്സര വിജയിയെയും ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങില്‍ വച്ച് പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നതാണ്.
വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി കഴിഞ്ഞ വര്‍ഷം യുക്മ ഏറ്റെടുക്കുമ്പോള്‍, മുന്‍പുള്ള പത്തു കലാമേളകളില്‍നിന്നും പ്രധാനപ്പെട്ട ചില വിത്യാസങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ടായിരുന്നു. റീജിയണല്‍ കലാമേളകള്‍ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഈ വര്‍ഷവും ഉണ്ടായിരിക്കില്ല. അംഗ അസ്സോസിയേഷനുകള്‍ക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കലാമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി നവംബര്‍ 21 ഞായറാഴ്ച രാത്രി 12 വരെയാണ്. ഡിസംബം 5 ഞായറാഴ്ച രാത്രി 12 ന് മുന്‍പായി, നിബന്ധനകള്‍ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
അടുത്ത വര്‍ഷം മുതല്‍ യുക്മയുടെ ഏറ്റവും ശക്തി സ്രാേതസായ കലാമേളകള്‍ സാധാരണ രീതിയില്‍ നടത്താവുമെന്ന് പ്രതീക്ഷിക്കുന്നു. യുക്മ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ കലാമേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദേശീയ തലത്തില്‍ നേരിട്ട് മത്സരിക്കാന്‍ സാധിക്കുന്നു എന്നുള്ളതിനാല്‍ മത്സര രംഗത്തേക്ക് വരുവാന്‍ താല്പര്യമുള്ള പരമാവധി ആളുകള്‍ക്ക് പങ്കെടുക്കുവാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്.
ദേശീയ കലാമേള വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നിട്ട് കൂടി യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള വിജയിപ്പിക്കുവാന്‍ എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കണമെന്ന് റീജിയണല്‍ ഭാരവാഹികളോടും, അംഗ അസോസിയേഷന്‍ ഭാരവാഹികളോടും പ്രവര്‍ത്തകരോടും, ഒപ്പം എല്ലാ യു കെ മലയാളികളോടും യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കലാമേളയുടെ ചുമതലയുള്ള ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ, രജിസ്‌ട്രേഷന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Sajish Tom