യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞ പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണര്‍ത്തിയ കലാമേളയുടെ ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന് ചൊവ്വാഴ്ച (04/01/22) അനശ്വര കലാകാരന്‍ നടന വിസ്മയം നെടുമുടി വേണുവിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം 5 PM മുതല്‍ രാത്രി 10PM വരെ സീനിയര്‍ വിഭാഗത്തിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. ലോകത്തെവിടെയും ഒരു പ്രവാസി മലയാളി ദേശീയ പ്രസ്ഥാനവും നാളിതുവരെ സംഘടിപ്പിച്ചിട്ടില്ലാത്തത് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ്. യുക്മ ദേശീയ കലാമേള 2021ലെ സീനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, മോഹിനിയാട്ടം
സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, പ്രസംഗം മലയാളം, പദ്യപാരായണം, സോളോ സോംഗ്, മോണോ ആക്ട്, കീ ബോര്‍ഡ്, വയലിന്‍ എന്നീ കലാ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.
പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട്, അനശ്വര കലാകാരന്‍ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ ആറാം ദിവസത്തെ മത്സരങ്ങള്‍ സീനിയര്‍ വിഭാഗത്തിലേതാണ്. ഇന്ന് വൈകുന്നേരം 5PM മുതല്‍ രാത്രി 10PM വരെ യുക്മയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തനുഗ്രഹിച്ച പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയര്‍ ഫോക്ക് ഡാന്‍സ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്‌സ് വിഭാഗത്തിലെ മത്സരങ്ങളും മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലായി സബ് ജൂനിയര്‍ വിഭാഗത്തിലെയും, അഞ്ചാമത്തെ ദിവസമായിരുന്ന ഇന്നലെ ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് യുക്മ ദേശീയ കലാമേള 2021ല്‍ മാറ്റുരക്കുന്നത്. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിര്‍ണയവും നടന്നു വരികയാണ്. ജനുവരി മാസം സംഘടിപ്പിക്കുന്ന ദേശീയ കലാമേള 2021 ന്റെ സമാപന ദിവസം മത്സരങ്ങളുടെ ഫല പ്രഖ്യാപനവും സമ്മാന വിതരണവും നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വര്‍ഷം യുക്മ സംഘടിപ്പിച്ച പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ വന്‍പിച്ച വിജയത്തിനെ തുടര്‍ന്നാണ് കോവിഡ് വെല്ലുവിളികള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷവും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ കലാമേള സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, മത്സരാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുകയും, കലാമേളയെ സഹര്‍ഷം സ്വീകരിക്കുകയും, ഏറ്റെടുക്കുകയും ചെയ്ത എല്ലാ കലാ സ്‌നേഹികളോടും നന്ദി പറഞ്ഞ് കൊള്ളുന്നു. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അവസാനിക്കാത്ത പ്രത്യേക സാഹചര്യത്തിലും കലാമേളയില്‍ മത്സരാര്‍ത്ഥികളായി പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തവര്‍ക്കും, അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകമായി അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികള്‍, റീജിയണ്‍ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി യുക്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും യുക്മ ദേശീയ നിര്‍വ്വാഹക സമിതിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
അലക്‌സ് വര്‍ഗ്ഗീസ്
(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)