സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ 'കേരള സവാരി' ഇനി മുതല്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ തന്നെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആണ് 'കേരള സവാരി'. ഏറെ നാളുകളായുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് ഓഗസ്റ്റ് 17 ന് കേരള സവാരി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോര്‍ മുഖാന്തരം 'കേരള സവാരി' ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തതോടെ നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പ്ലേ സ്റ്റോറില്‍ നിന്ന് 'കേരള സവാരി' ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ കൊടുത്ത് ലോഗിന്‍ ചെയ്യാം. നിലവില്‍, 'കേരള സവാരി'യുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരസഭ പരിധികളില്‍ 'കേരള സവാരി'യുടെ സേവനം ആരംഭിക്കും.