എഐ ആപ്പുകളുടെ ഉപയോഗം കൈവിട്ട നിലയില്‍ വര്‍ദ്ധിക്കുന്നത് സമൂഹത്തിന് എത്രത്തോളം അപകടകരമാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നമ്മള്‍ നിരുപദ്രവകരമെന്ന് കരുതി ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യുന്നത് അടക്കം ചിത്രങ്ങള്‍ മതി, നാളെ ഏതെങ്കിലും അശ്ലീല വെബ്‌സൈറ്റില്‍ ശരീരം മാറ്റി മുഖം മോര്‍ഫ് ചെയ്ത് പ്രചരിക്കാന്‍.
ഇത്തരം സേവനങ്ങള്‍ നല്‍കുന്ന എഐ നഗ്ന ആപ്പുകള്‍ ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതായി ഏറ്റവും പുതിയ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകം മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയ്ക്ക് കറുത്ത ഒരു മറുവശം കൂടി ഉണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ മാത്രം ഇത്തരം നഗ്ന എഐ വെബ്‌സൈറ്റുകളില്‍ 24 മില്ല്യണിലേറെ ജനങ്ങള്‍ സന്ദര്‍ശനം നടത്തിയെന്ന് പരിശോധനയില്‍ വ്യക്തമായി.
ഡിജിറ്റലായി ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ഈ വെബ്‌സൈറ്റുകള്‍ ചെയ്യുന്നത്. പ്രധാനമായും പൂര്‍ണ്ണ വസ്ത്രം ധരിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്നമാക്കി മാറ്റാനാണ് ആളുകള്‍ ഇത്തരം വെബ്‌സൈറ്റുകളിലേക്ക് എത്തുന്നത്. നഗ്നചിത്രങ്ങള്‍ പഠിക്കുന്ന എഐ അല്‍ഗോരിതങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന വസ്ത്രം ധരിച്ച ചിത്രങ്ങളില്‍ ഇത് പകര്‍ത്തിനല്‍കി നഗ്നരാക്കി മാറ്റുകയാണ് ചെയ്യുന്നത്.
2023 ആരംഭം മുതല്‍ ഇത്തരം സൈറ്റുകളിലേക്കും, ആപ്പുകളിലേക്കുമുള്ള ട്രാഫിക്ക് 2000 ശതമാനമാണ് വര്‍ദ്ധിച്ചത്. ഗൂഗിളിന്റെ യുട്യൂബ് മുതല്‍ റെഡിറ്റ്, എക്‌സ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ എന്നിവയിലൂടെ ഈ നഗ്ന ആപ്പുകള്‍ അനസ്യൂതം പരസ്യം നല്‍കുന്നുവെന്നതും ഞെട്ടിക്കുന്നു. യുകെയില്‍ ഉള്‍പ്പെടെ പല സ്‌കൂളുകളിലെയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഈ എഐ വലയില്‍ പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.