ടെക്‌നോളജി ലോകത്തെ, പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ ഏറ്റവും വലിയ എതിരാളികളാണ് ആപ്പിളും, സാംസംഗും. പല ടെക്‌നോളജികളുടെയും ആവിര്‍ഭാവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കമ്പനികള്‍ തരം കിട്ടിയാല്‍ പരസ്പരം കൊത്താനും ശ്രമിക്കും.
ഇപ്പോള്‍ ആപ്പിള്‍ ഐഫോണുകളുടെ അലാറം പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഈ അവസരം മുതലാക്കുകയാണ് സാംസംഗ് ചെയ്തിരിക്കുന്നത്.
അലാറം പണിമുടക്കിയപ്പോള്‍ ജോലിയ്ക്കും, സ്‌കൂളിലും പോകുന്നതില്‍ പ്രശ്‌നമുണ്ടായെന്ന് നിരവധി പേരാണ് പരാതിപ്പെട്ടത്. ഇത് ആപ്പിളിന് വലിയ തലവേദനയായി. പ്രശ്‌നം പരിഹസിക്കുകയാണെന്ന് ആപ്പിള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സാംസംഗ് എതിരാളിയെ കുത്തി രംഗത്തെത്തി.
'ഞങ്ങളുടെ അലാറം ഉറപ്പായും മുഴങ്ങും' എന്ന തലക്കെട്ടോടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഡാഷ് ഇനത്തിലെ നായ ഡിജെ മിക്‌സര്‍ പ്ലേ ചെയ്യുന്ന വീഡിയോയാണ് സാംസംഗ് പോസ്റ്റ് ചെയ്തത്. അതേസമയം അലാറം പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോഴും ആപ്പിളിന് സാധിച്ചിട്ടില്ല.