പ്രകൃതിക്ക് ഹാനികരമായ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ സാധാരണമെന്ന് തോന്നുന്ന പല വിഷയങ്ങളും അസാധാരണമായി മാറും. ഇതിന്റെ പേരില്‍ നിങ്ങളുടെ വാഹനങ്ങളുടെ റബ്ബര്‍ ടയറുകളുടെ പേരില്‍ പോലും നികുതി അടയ്‌ക്കേണ്ടിയും വന്നേക്കാം. ഡ്രൈവര്‍മാരില്‍ നിന്നും ഇത്തരമൊരു 'ടയര്‍ ടാക്‌സ്' ഈടാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ധനങ്ങളിലെ പുകയേക്കാള്‍ കൂടുതല്‍ അപകടകരമാണ് ഇവയില്‍ നിന്നുള്ള എമിഷനുകളെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നതിനിടെയാണ് വിഷയം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കാനായി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ചിരിക്കുന്നത്.
ജീവിതച്ചെലവ് പ്രതിസന്ധികളില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് ഇതിന്റെ പ്രത്യാഘാതമായി 'ടയര്‍ ടാക്‌സ്' നേരിടേണ്ടി വരുമെന്ന് തന്നെയാണ് സൂചനകള്‍. യുകെ ഡ്രൈവര്‍മാരെ ഇലക്ട്രിക് കാറുകളിലേക്ക് തള്ളിവിടാന്‍ എന്‍വയോണ്‍മെന്റ് ആക്ടിവിസ്റ്റുകള്‍ വിജയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബ്രേക്ക്, ടയര്‍ തേയ്മാനങ്ങളുടെ പേരിലുള്ള പോരാട്ടം.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഭാരം കൂടുതലായതിനാല്‍ പെട്രോള്‍ കാറുകളേക്കാള്‍ കൂടുതല്‍ റോഡ് എമിഷന്‍ നടത്തുന്നത് ഇലക്ട്രിക് വാഹനങ്ങളാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പുതിയ ടാക്‌സ് നിര്‍ദ്ദേശിക്കാന്‍ വേണ്ടിയല്ല കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിരിക്കുന്നതെന്ന് വൈറ്റ്ഹാള്‍ അവകാശപ്പെടുന്നു.
ടയര്‍ പോലുള്ളവയില്‍ നിന്നുള്ള എമിഷനുകളുടെ പ്രത്യാഘാതം മനസ്സിലാക്കാനാണ് ഗവേഷണം നടത്തുന്നത്, അല്ലാതെ പുതിയ ടാക്‌സ് നയം വികസിപ്പിക്കുന്നതിന് വേണ്ടിയല്ല, ടെലിഗ്രാഫിനോട് സര്‍ക്കാര്‍ ശ്രോതസ്സ് വ്യക്തമാക്കി.