കിടിലന്‍ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് വാഹനപ്രേമികളെ കയ്യിലെടുക്കുകയാണ് 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ. എക്‌സ്‌പോയില്‍ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു ഫുള്‍ ഇലക്ട്രിക് സ്‌കോഡ എല്‍റോക്ക്. ഇന്ത്യയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് എല്‍റോക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ ബ്രാന്‍ഡിന്റെ ആസ്ഥാനത്ത് എല്‍റോക്ക് ഇവിയുടെ ആഗോള പ്രീമിയര്‍ നടന്നിരുന്നു. എന്യാക്ക് ഇവിയ്ക്കും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന എപിക് ഇലക്ട്രിക് എസ്യുവിക്കും ഇടയിലാണ് എല്‍റോക്ക് സ്ഥാനം പിടിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി വരുന്ന കരോക്ക് എസ്യുവിയുടെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പാണ് സ്‌കോഡ എല്‍റോക്ക് ഇവി.
സ്‌കോഡയുടെ മോഡേണ്‍ സോളിഡ് ഡിസൈന്‍ ശൈലിയെ അലങ്കരിക്കുന്ന സ്‌കോഡ എല്‍റോക്ക് ഇലക്ട്രിക് എസ്യുവിക്ക് 470 ലിറ്റര്‍ ലഗേജ് കപ്പാസിറ്റിയുള്ള സെഗ്മെന്റിലെ ഏറ്റവും വലിയ ബൂട്ട് സ്‌പെയ്‌സ് ആണ് വാഗ്ദാനം ചെയ്യുന്നത്. പരമ്പരാഗത റേഡിയേറ്റര്‍ ഫ്രണ്ട് ഗ്രില്ലിന് പകരം ഒരു ബ്ലാക്ക് പാനല്‍ ഉള്‍ക്കൊള്ളുന്ന ഗ്ലോസി ബ്ലാക്ക് 'ടെക്-ഡെക്ക് ഫെയ്സ്' ഇതില്‍ കാണാനാവും. കോണ്ടൂര്‍ഡ് ബോണറ്റില്‍ പുതിയ സ്‌കോഡ ലെറ്ററിംഗ് ഉള്‍ക്കൊള്ളുന്ന ആദ്യത്തെ മോഡല്‍ കൂടിയാണിത്. 19 മുതല്‍ 21 ഇഞ്ച് വരെ സൈസുകളില്‍ വരുന്ന ബ്ലാക്ക്ഡ്-ഔട്ട് വീലുകളാണ് എല്‍റോക്കിലുള്ളത്.
എല്‍റോക്കിന് 4,488 എംഎം നീളം, 1,884 എംഎം വീതി, 1,625 എംഎം ഉയരം, 2,765 എംഎം വീല്‍ബേസ് എന്നിവയും 470 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയും ലഭിക്കുന്നു. 9 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. എന്നിരുന്നാലും ടിമിയാനോ ഗ്രീന്‍ എന്ന ഷെയ്ഡ് എല്‍റോക്ക് ഇവിക്ക് മാത്രമുള്ള കളറാണ്. മുന്നില്‍ ട്വിന്‍-പിസ്റ്റണ്‍ കാലിപ്പറുകളുള്ള വെന്റിലേറ്റഡ് ഡിസ്‌കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമുള്ള യൂണിറ്റുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. ലോവര്‍ ട്രയാംഗിള്‍ ആര്‍മുകളുള്ള മാക്ഫെര്‍സണ്‍ ഫ്രണ്ട് സസ്പെന്‍ഷനും അഞ്ച് വെര്‍ട്ടിക്കല്‍ ആര്‍മുകളുള്ള മള്‍ട്ടി ലിങ്ക് റിയര്‍ സസ്പെന്‍ഷനും ഒരു ടോര്‍ഷന്‍ സ്റ്റെബിലൈസറും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
9 എയര്‍ബാഗുകള്‍, ലെയിന്‍ അസിസ്റ്റ് പ്ലസ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ്, എമര്‍ജന്‍സി അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ എന്നിവയാണ് എല്‍റോക്ക് ഇവിയിലെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകള്‍. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ് ആര്‍ക്കിടെക്ചറില്‍ ഒരുങ്ങുന്ന സ്‌കോഡ എല്‍റോക്ക് ഇവിയില്‍ 52 kWh, 59 kWh, 77 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ 52 kWh വേരിയന്റുകള്‍ക്ക് സിംഗിള്‍ ചാര്‍ജില്‍ 370 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. റിയര്‍ ആക്സിലില്‍ പ്ലേസ് ചെയ്തിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 167 ബിഎച്ച്പി പവറും 310 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 59 kWh ബാറ്ററി പായ്ക്കിനെ സംബന്ധിച്ചിടത്തോളം, ഇത് ഫുള്‍ ചാര്‍ജില്‍ 418 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുന്നു, പരമാവധി പവറും പീക്ക് ടോര്‍ക്കും യഥാക്രമം 210 ബിഎച്ച്പിയും 310 എന്‍എമ്മും ആണ്.
77 kWh വേരിയന്റിന് WLTP സൈക്കിളില്‍ 580 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഇലക്ട്രിക് മോട്ടോര്‍ 282 ബിഎച്ച്പി പരമാവധി കരുത്തും 545 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇവിയുടെ പരമാവധി വേഗത. സ്‌കോഡ എല്‍റോക്ക് ഇവി ഇന്ത്യയില്‍ എത്തിയാല്‍ ഹ്യുണ്ടായ് ക്രെറ്റ ഇവിയ്ക്ക് ഒരു മികച്ച എതിരാളിയാകും എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, എല്‍റോക്ക് ഇവി സ്‌കോഡ ഇന്ത്യയില്‍ പുറത്തിറക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല.