ഇന്ത്യന്‍ വാഹന വിപണിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഇത്തവണ പ്രതിമാസ ആഭ്യന്തര വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആഭ്യന്തര വിപണിയില്‍ 57,115 കാറുകളും, കയറ്റുമതിക്കായി 10,500 കാറുകളും ഉള്‍പ്പെടെ മൊത്തം 67,615 കാറുകളുടെ വില്‍പ്പനയാണ് ജനുവരിയില്‍ നടന്നത്. ഇതിലൂടെ കമ്പനിക്ക് 8.7 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ച നേടാനും, 33.60 ശതമാനം പ്രതിമാസ വളര്‍ച്ച നേടാനും സാധിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പനയാണ് ജനുവരിയില്‍ നടന്നിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 14 ശതമാനം വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പുതുതായി ലോഞ്ച് ചെയ്ത ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബുക്കിംഗ് വിന്‍ഡോ ഓപ്പണ്‍ ചെയ്ത് വെറും ഒരു മാസത്തിനകം 50,000 ബുക്കിംഗുകളാണ് സ്വന്തമാക്കിയത്. മെച്ചപ്പെടുത്തിയ സ്‌റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയറുകള്‍, പുതിയ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവ അടക്കം നിരവധി ഫീച്ചറുകളാണ് ക്രെറ്റയില്‍ ഉള്ളത്.