ഈസ്റ്റര്‍ വീക്കെന്‍ഡില്‍ ഹോളിഡേ യാത്രകള്‍ക്ക് ഇറങ്ങാന്‍ രണ്ട് മില്ല്യണ്‍ ജനങ്ങള്‍ കാത്തിരിക്കുമ്പോള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ നെല്‍സണ്‍ കൊടുങ്കാറ്റ്. ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം കയറിയ നിലയില്‍ എത്തിയതും, കനത്ത കാറ്റില്‍ ട്രെയിനുകള്‍ വൈകുന്നതും, വിമാനങ്ങള്‍ ലാന്‍ഡിംഗ് റദ്ദാക്കേണ്ടി വരുന്നതും യാത്രകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്.
റെക്കോര്‍ഡ് തകര്‍ക്കുന്ന തോതില്‍ യാത്രക്കാരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് മാഞ്ചസ്റ്റര്‍ വിമാനത്താവളം വ്യക്തമാക്കി. കൂടുതല്‍ ആളുകളും തുര്‍ക്കി, ദുബായ്, കാനറി ഐലന്‍ഡ്‌സ് എന്നിവിടങ്ങളിലേക്ക് പറക്കാനാണ് എത്തുന്നത്. യുകെയില്‍ മഴയും, കാറ്റും നിറഞ്ഞ കാലാവസ്ഥ നേരിടുന്നതോടെയാണ് ഹോളിഡേ വിദേശത്തേക്ക് മാറ്റുന്നത്.
എന്നാല്‍ 80 എംപിഎച്ച് വേഗത്തില്‍ കാറ്റും, മഞ്ഞും, ആലിപ്പഴ വര്‍ഷവും, ഇടിമിന്നലും നേരിട്ടതോടെ യുകെയില്‍ സ്ഥിതിഗതികള്‍ മോശമാണ്. ഫെറി സര്‍വ്വീസ് സാരമായി തടസ്സം നേരിട്ടു. പാര്‍ക്കുകളും, മൃഗശാലകളും, ഗാര്‍ഡനും അടച്ചിടാന്‍ നിര്‍ബന്ധിതമായി. സൗത്ത് ഇംഗ്ലണ്ടിലാണ് പ്രതിസന്ധി സാരമായത്.
കോണ്‍വാള്‍ മുതല്‍ കെന്റ് വരെ സൗത്ത് തീരങ്ങളിലും, സഫോക്ക് വരെ മേഖലകളിലും ഏര്‍പ്പെടുത്തി കാറ്റിനുള്ള മുന്നറിയിപ്പ് 17 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. ലണ്ടന്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഒന്നോ, രണ്ടോ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് ടോര്‍ണാഡോ & സ്‌റ്റോം റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.