
















ഈ വിന്ററിലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സമാധാനം കിട്ടില്ലെന്ന് ഉറപ്പായി. സൂപ്പര്‍ഫ്‌ളൂ നടമാടാന്‍ തുടങ്ങിയതോടെയാണ് ആശുപത്രികളില്‍ റെക്കോര്‍ഡ് തോതില്‍ രോഗികളെ ചികിത്സിക്കാന്‍ തുടങ്ങിയിരിക്കുന്നത്. വെറും ചുമയും, ജലദോഷവുമാണെങ്കില്‍ പോലും, ഇവരോട് വീട്ടിലിരിക്കാനാണ് ആരോഗ്യ മേധാവികള്‍ അപേക്ഷിക്കുന്നത്.
സൂപ്പര്‍ഫ്‌ളൂ ക്രിസ്മസ് ദുരന്തം സൃഷ്ടിക്കുമെന്ന ആശങ്കയില്‍ കൊവിഡ് കാല ഉപദേശങ്ങള്‍ അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആശുപത്രി കണക്കുകള്‍ പ്രകാരം നിലവില്‍ ചികിത്സയിലുള്ള ഫ്‌ളൂ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ്. വൈറസ് മൂലം എന്‍എച്ച്എസ് ദുരിതത്തിലാണെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പില്‍ പറയുന്നു. 
ഇതുവരെയുള്ള ഏറ്റവും മോശം ഫ്‌ളൂ സീസണാണ് ഇക്കുറി നേരിടുകയെന്ന് ബ്രിട്ടന്റെ മെഡിക്കല്‍ നേതൃത്വം കരുതുന്നു. ആറ് ആശുപത്രികള്‍ ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും, സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫ്‌ളൂ ലക്ഷണങ്ങള്‍ നേരിട്ടാല്‍ വീടുകളില്‍ തുടരാനും, പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കാനുമാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ നിര്‍ദ്ദേശം.
ഫ്‌ളൂവിനെതിരായി വാക്‌സിനേഷന്‍ നേടാന്‍ കഴിയുന്നവര്‍ ഈ വഴി പ്രയോജനപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും ശരാശരി 2660 രോഗികളാണ് ഫ്‌ളൂ ബാധിച്ച് ആശുപത്രി കിടക്കയില്‍ എത്തിയത്. ഇതിനിടെ അടുത്ത ആഴ്ചയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നതിന് എതിരെ ഹെല്‍ത്ത് സെക്രട്ടറിക്കൊപ്പം, പ്രധാനമന്ത്രിയും രംഗത്തെത്തി. ഗവണ്‍മെന്റിന്റെ പുതിയ ഓഫര്‍ സ്വീകരിച്ച് അടുത്ത ബുധനാഴ്ച മുതല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി സമരം ചെയ്യുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്നാണ് ഇവര്‍ റസിഡന്റ് ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്നത്.