ഭര്‍ത്താവിനെ കൊല്ലാന്‍ വാട്ട്‌സ്ആപ്പിലൂടെ ക്വട്ടേഷന്‍ കൊടുത്ത ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്. ആഗ്രയിലെ ബാഹ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നവര്‍ക്ക് അര ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്ന യുവതിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഭീഷണി ഫോണ്‍കോളുകളെത്തിയതോടെയാണ് ഭര്‍ത്താവ് സംഭവം അറിയുന്നത്. ഭാര്യയുടെ വാട്ട്സ്സ് ആപ്പ് സ്റ്റാറ്റസ് നോക്കിയ യുവാവ് ഞെട്ടി, പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്റ്റാറ്റസ് കണ്ട് ഭാര്യയുടെ ഒരു സുഹൃത്ത് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ വധഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. 2022 ജൂലൈ 9 ന് ആണ് മധ്യപ്രദേശിലെ ഭിന്ദിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള യുവതിയെ പരാതിക്കാരന്‍ വിവാഹം കഴിക്കുന്നത്.
എന്നാല്‍ ഇരുവരും തമ്മില്‍ പിന്നീട് വഴക്കുകള്‍ ഉണ്ടായി. വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കിട്ട് പിരിഞ്ഞു. പിന്നീട് യുവതി ബഹിലെ ഭര്‍ത്താവിന്റെ വീട് വിട്ട് തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. അന്നുമുതല്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. തന്റെ അയല്‍വാസിയായ യുവാവുമായി ഭാര്യക്ക് അടുമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നുമെന്നാണ് ഭര്‍ത്താവ് ആരോപിക്കുന്നത്. ഇതിനെ ചൊല്ലിയാണ് വഴക്ക് തുടങ്ങിയതെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
അയല്‍വാസിയുമായുള്ള അടുപ്പം ചോദ്യം ചെയ്തതോടെയാണ് ഭാര്യയുമായി വഴക്കുണ്ടായതെന്നും ഭാര്യയുടെ കാമുകനും തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുമാണ് യുവാവ് പൊലീസില്‍ നല്‍കിയ പരാതി. 2023 ഡിസംബര്‍ 21 ഭാര്യ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ജീവനാംശം ആവശ്യപ്പെട്ട് പരാതിയും നല്‍കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും യുവാവ് ആരോപിക്കുന്നു.