ബെഡ്‌ഫോര്‍ഡ്: ബെഡ്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസ്സിയേഷന്‍' ഒരുക്കുന്ന ഈസ്റ്റര്‍വിഷു ആഘോഷത്തിനു ഏപ്രില്‍ 27 ശനിയാഴ്ച ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ 'അഡിസണ്‍ സെന്റര്‍' വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവര്‍ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവര്‍ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്‌ഫോര്‍ഡില്‍ ആഘോഷിക്കുമ്പോള്‍,അത് സൗഹാര്‍ദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
'ബി എം കെ എ' ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തില്‍ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ മുഖ്യാതിഥിയായി പങ്കു ചേരും. ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റന്‍ MP മുഹമ്മദ് യാസിന്‍, ബെഡ്‌ഫോര്‍ഡ് ബോറോ കൗണ്‍സിലേഴ്‌സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡണ്ട് ജെയ്‌സണ്‍ ചാക്കോച്ചന്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കു ചേരും.
പ്രശസ്ത ഗായകരായ അനീഷും, ടെസ്സയും ചേര്‍ന്നൊരുക്കുന്ന 'ബോളിവുഡ്ഡ് ഗാനമേള', യു കെ യിലെ നൃത്ത സദസ്സുകളില്‍ ഏറെ ശ്രദ്ധേയരായ 'ടീം ജതി' ഒരുക്കുന്ന 'ഡാന്‍സ് ഫെസ്റ്റ്', കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാ പരിപാടികള്‍, ഡീ ജെ അടക്കം മുപ്പതോളം 'കലാ വിഭവങ്ങള്‍' എന്നിവ ഈസ്റ്റര്‍ വിഷു ആഘോഷ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രസിഡണ്ട് ജോമോന്‍ മാമ്മൂട്ടില്‍, സെക്രട്ടറി ആന്റോ ബാബു എന്നിവര്‍ അറിയിച്ചു.
യു കെ യിലെ ഇതര സംഘടനകളില്‍ നിന്നും വിഭിന്നമായി, അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ 'BMKA കിച്ചന്‍' സ്വന്തമായി തയ്യാറാക്കുന്ന, വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ 'അപ്നാ ഖാന' ഈസ്റ്റര്‍വിഷു ആഘോഷത്തില്‍ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.
ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ വിസ്തൃതവും, വിശാലവുമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള അഡിസണ്‍ സെന്ററില്‍ ഉച്ച കഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നില്‍ക്കുന്ന ആഘോഷരാവില്‍ ഡീ ജെ അടക്കം ആകര്‍ഷകങ്ങളായ നിരവധി ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും, നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ മുഴുവന്‍ മെംബര്‍മാരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN