ടോറി പാര്‍ട്ടിക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യത്തിന് എംപിമാര്‍ ഉണ്ടാകുമോയെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്. ഇതിനകം തന്നെ 64 പാര്‍ട്ടി എംപിമാര്‍ അടുത്ത തെരഞ്ഞെടുപ്പിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് 26 ടോറി എംപിമാര്‍ ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറാന്‍ തയ്യാറായിരിക്കുവെന്ന റിപ്പോര്‍ട്ട് പുറത്താവുന്നത്.
രണ്ട് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ മൂന്ന് ടോറി എംപിമാര്‍ ലേബര്‍ പക്ഷത്തേക്ക് ചാടുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച നതാലി എല്‍ഫിക്കെ ഭരണപക്ഷ ബെഞ്ചില്‍ നിന്നും പ്രതിപക്ഷത്തേക്ക് മാറിയതിന് പിന്നാലെയാണ് ഈ കൂട്ട പാര്‍ട്ടി വിടല്‍. ഗവണ്‍മെന്റിനെ കൈവിട്ട് തങ്ങള്‍ക്കൊപ്പം ചേരുന്നവര്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കുമെന്നാണ് ഷാഡോ ക്യാബിനറ്റ് മന്ത്രിമാര്‍ പറയുന്നത്.
ഡോവറില്‍ നിന്നുള്ള തീവ്ര വലത് എംപിയായ എല്‍ഫിക്കെയുടെ വരവ് ലേബര്‍ പാര്‍ട്ടിയിലെ ചിലരെ പോലും അമ്പരപ്പിച്ചിരുന്നു. എന്‍എച്ച്എസിന്റെ നിലവാരം മോശമായെന്ന പേരിലാണ് ഒരാഴ്ച മുന്‍പ് ഡോ. ഡാന്‍ പോള്‍ട്ടര്‍ പ്രതിപക്ഷത്തേക്ക് ചുവടുമാറിയത്. ടോറി പാര്‍ട്ടിയിലെ വണ്‍ നേഷന്‍ കോക്കസില്‍ പെട്ട അംഗങ്ങളാണ് പ്രധാനമായും അടുത്ത വഞ്ചിയിലേക്ക് ചേക്കേറുക.
ഇതിനകം മൂന്ന് ടോറി എംപിമാര്‍ പാര്‍ട്ടി മാറിയിട്ടുണ്ട്. ഇമിഗ്രേഷന്‍, എന്‍എച്ച്എസ് വിഷയങ്ങളില്‍ എതിര്‍പ്പ് അറിയിച്ച് ഭരണപക്ഷത്ത് നിന്നും എംപിമാര്‍ എത്തിയതോടെ ഇനി തങ്ങളുടെ ഇക്കണോമിക് നയങ്ങളെ തുണയ്ക്കുന്ന എംപിമാര്‍ മറുഭാഗത്ത് നിന്നും വരണമെന്നാണ് ലേബറിന്റെ ചിന്ത. ഇൗ പ്രതീക്ഷയില്‍ മറുകണ്ടം ചാടാന്‍ ഇടയുള്ള 26 ടോറികളുടെ പട്ടികയുമായി ലേബര്‍ കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.