അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങളും സീക്രട്ട് സര്‍വീസ് ഏജന്‍സിയും ട്രംപിന് വെടിയേറ്റ സംഭവത്തില്‍ നാണക്കേടിലാണ്. വീഴ്ച വിശദീകരിക്കാന്‍ അമേരിക്കന്‍ സീക്രട്ട് സര്‍വീസ് ഡയറക്ടറിനോട് 22ന് അമേരിക്കന്‍ ജനപ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ട്രംപിന് നേരെയുണ്ടായ ആക്രമണത്തിന്റെ കാരണം എന്താണെന്ന് ഇനിയും അന്വേഷണസംഘത്തിനോ പൊലീസിനോ കണ്ടുപിടിക്കാനായിട്ടില്ല. സുരക്ഷയില്‍ പാളിച്ച വന്നതോട് കൂടി സീക്രട് സര്‍വീസ് ഏജന്‍സിക്ക് നേരെയും വിമര്‍ശനം ശക്തമാണ്. പൊതുയോഗം നടക്കുന്ന വെറും 100 മീറ്റര്‍ ചുറ്റളവില്‍ എങ്ങനെയാണ് എല്ലാ സുരക്ഷാ വലയങ്ങളെയും ഭേദിച്ച് പ്രതി എത്തിയതെന്നും, വെടിവെച്ചതെന്നും അക്കമുള്ള നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. വെടിയേറ്റ ശേഷം മനുഷ്യകവചം തീര്‍ത്താണ് ട്രംപിനെ വേദിക്ക് പുറത്തെത്തിച്ചത്. ഈ സമയത്ത് കൈവശം ഉണ്ടാകേണ്ട ഷീല്‍ഡുകളും മറ്റും ഏജന്‍സി ഉദ്യോഗസ്ഥരുടെ കയ്യിലുണ്ടായിരുന്നുമില്ല.
ഇതിനിടെ റാലിയില്‍ പങ്കെടുക്കാനെത്തിയ നിരവധി ജനങ്ങള്‍ അക്രമിയെ മുന്‍പേ കണ്ടിരുന്നതായി വിവരമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വീടിന് മുകളില്‍ കയറി നില്‍ക്കുന്ന അക്രമിയെ കണ്ടശേഷം ചിലര്‍ അവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കുന്നത് കാണാം. എന്നാല്‍ ഇതിനെ എന്തുകൊണ്ട് സുരക്ഷാ സേനയടക്കം വേണ്ട ഗൗരവത്തില്‍ കണ്ടില്ല എന്ന ചോദ്യം ശക്തമാണ്.
പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന തരത്തില്‍ നിഗമനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷണത്തില്‍ അങ്ങനെയല്ലെന്ന് കണ്ടെത്തിയതായാണ് വിവരം. പ്രതി വിദ്യാഭ്യാസ കാലയളവിലും മറ്റും ഒറ്റപ്പെടലും, അവഗണനയും ഒരുപാട് നേരിട്ടതായി അധികൃതര്‍ കണ്ടത്തിയിരുന്നെങ്കിലും അവയാണോ വെടിവെപ്പിന് കാരണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇവയ്‌ക്കെല്ലാം ഉത്തരം നല്‍കേണ്ട പ്രതിയെ വെടിവെച്ചുകൊന്നതിലും വിമര്‍ശനം ശക്തമാണ്. ചുരുക്കത്തില്‍, ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ് എന്ന് സാരം.
യാതൊരു തരത്തിലും ക്രിമിനല്‍ സ്വഭാവം ഇല്ലാത്തയാളായിരുന്നു ക്രൂസ് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന് മുന്‍പ് അക്രമസംഭവങ്ങളില്‍ പങ്കെടുത്തതിന്റെ യാതൊരു തെളിവുകളും ഇല്ലെന്ന് മാത്രമല്ല, പ്രകോപനപരമായോ, രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കുന്നതോ ആയ യാതൊരു പ്രസ്താവനയും പ്രതിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലുമില്ല. വെടിവെച്ച സമയത്ത് പ്രതി തോക്ക് പ്രേമികളുടെ ഒരു യൂട്യൂബ് ചാനലിന്റെ ടീഷര്‍ട്ട് ധരിച്ചിരുന്നതായി വിവരമുണ്ട്. ഇതിനെ കേന്ദ്രീകരിച്ചായിരിക്കും ഇനി അന്വേഷണം.