ഒമാന്‍ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലില്‍നിന്ന് കാണാതായവരെ ഇന്ത്യന്‍ നാവികസേന രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലില്‍ നിന്ന് ഒന്‍പത് പേരെയാണ് രക്ഷപെടുത്തിയത്. എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കന്‍ പൗരനെയുമാണ് കണ്ടെത്തിയത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഐഎന്‍എസ് തേജ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അഞ്ച് ഇന്ത്യാക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കപ്പല്‍ മുങ്ങി ഇന്ത്യക്കാര്‍ അടക്കമുള്ളവരെ കാണായത് കഴിഞ്ഞ ദിവസമാണ്. ഒമാന്‍ തീരത്തിനടുത്ത് മുങ്ങിയ കപ്പലില്‍ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചില്‍ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പ്രെസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന എണ്ണ കപ്പല്‍ മുങ്ങിയത്.
റാസ് മദ്രാക്ക ഉപദ്വീപില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായാണ് അപകടമുണ്ടായത്. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പരിക്കേറ്റ മൂന്ന് ഇന്ത്യക്കാര്‍ നിലവില്‍ ഒമാനിലെ കൗലയിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.