CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 6 Minutes 15 Seconds Ago
Breaking Now

തലയ്ക്ക് 15 മില്യണ്‍ ഡോളര്‍ ; യുഎസിലേക്ക് സ്ഥിരം മയക്കുമരുന്ന് കടത്ത്; മാഫിയ തലവന്‍ എല്‍ മെന്‍ചോയെ വധിച്ച് മെക്‌സിക്കോ ; പിന്നാലെ സംഘര്‍ഷം

മെക്‌സിക്കോയിലെ പടിഞ്ഞാറന്‍ നഗരമായ ജലിസ്‌കോയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എല്‍ മെന്‍ചോയെ സൈന്യം വധിച്ചത്.

കുപ്രസിദ്ധ മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവനായ, എല്‍ മെന്‍ചോ എന്ന പേരില്‍ അറിയപ്പെടുന്ന നെമേസിയോ റുബന്‍ ഒസിഗുവേര കൊല്ലപ്പെട്ടു. മെക്‌സിക്കന്‍ സൈന്യത്തിന്റെ പ്രത്യേക സൈനിക നടപടിയിലാണ് കൊല്ലപ്പെട്ടത്. എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

മെക്‌സിക്കോയിലെ പടിഞ്ഞാറന്‍ നഗരമായ ജലിസ്‌കോയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എല്‍ മെന്‍ചോയെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ സൈന്യം പ്രത്യേക ഹെലിക്കോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

ജലിസ്‌കോ ന്യൂ ജനറേഷനല്‍ കാര്‍ട്ടല്‍ എന്ന മയക്കുമരുന്ന് കാര്‍ട്ടലിന്റെ തലവനായിരുന്നു എല്‍ മെന്‍ചോ. മയക്കുമരുന്ന് കടത്തിന് പിന്നാലെ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും സംഘം ഏര്‍പ്പെട്ടിരുന്നു. വളരെ കുറഞ്ഞ കാലം കൊണ്ടാണ് സംഘം മെക്‌സിക്കോയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സിന്‍ഡിക്കേറ്റ് ആയി മാറിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്‍ട്ടലും എല്‍ മെന്‍ചോയുടേതായിരുന്നു.

എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും വ്യാപക അക്രമമുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേനയും കാര്‍ട്ടല്‍ അംഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജലിസ്‌കോ പ്രദേശത്തുതന്നെ വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും അക്രമികള്‍ വാഹനങ്ങള്‍ക്ക് തീയിടുകയും റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. അക്രമസംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സംസ്ഥാന ഭരണകൂടങ്ങളുടെ കൂടിചേര്‍ന്നുതന്നെ ഈ അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പറഞ്ഞു.

അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ നടപടികള്‍ ശക്തമാക്കാന്‍ മെക്‌സിക്കോയ്ക്കുമേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് എല്‍ മെന്‍ചോയെ വധിച്ചുകൊണ്ടുള്ള മെക്‌സിക്കന്‍ സൈനികനടപടി ഉണ്ടാകുന്നത്. എല്‍ മെന്‍ചോയെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് 15 മില്യണ്‍ ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്. വടക്കേ അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയായിരുന്നു എല്‍ മെന്‍ചോ. എല്‍ മെന്‍ചോയുയുടെ കാര്‍ട്ടലിനെ വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു.

എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയിലുള്ള അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിതരായിരിക്കാന്‍ യുഎസ് ആവശ്യപ്പെട്ടു. കാനഡയും തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.