ലീഡ്‌സില്‍ തുടര്‍ച്ചയായ രണ്ടാം രാത്രിയിലും ആളുകള്‍ പ്രതിഷേധവുമായി തെരുവില്‍. പോലീസ് കൊണ്ടുപോയ കുട്ടികളെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കുട്ടികളെ കുടുംബത്തിന് തിരിച്ചുലഭിക്കുന്നത് വരെ നിരാഹാര സമരത്തിലാണെന്ന് പിതാവ് അവകാശപ്പെട്ടു. ഒരു കുടുംബത്തിലെ നാല് കുട്ടികളെ കുടുംബത്തില്‍ നിന്നും നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഹെയര്‍ ഹില്‍ മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഇന്നലെ രാത്രിയിലും നൂറുകണക്കിന് പ്രദേശവാസികള്‍ തെരുവിലിറങ്ങിയെങ്കിലും ഇക്കുറി പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നു. സോഷ്യല്‍ സര്‍വ്വീസുകള്‍ കൊണ്ടുപോയ കുട്ടികളെ തിരിച്ചുലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. റൊമാനി സമൂഹത്തില്‍ പെട്ട കുടുംബമാണ് പ്രശ്‌നം നേരിടുന്നത്. ഇവര്‍ കുട്ടികളെ മടക്കികിട്ടാനായി നിരാഹാര സമരത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളെ നീക്കം ചെയ്ത രീതി വളരെ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ലോക്കല്‍ കമ്മ്യൂണിറ്റി നേതാവ് സ്‌റ്റെഫാനിയാ ബാനു പറഞ്ഞു. അധികൃതര്‍ ചെയ്തത് അനീതിയാണ്, കേസ് മാറ്റിയാല്‍ ഇത് അധികൃതര്‍ക്ക് ശരിയാക്കാം. അവര്‍ ഇത് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്, ബാനു പറഞ്ഞു.
വെസ്റ്റ് യോര്‍ക്ക്ഷയറില്‍ അരങ്ങേറിയ കലാപത്തില്‍ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നഗരവാസികളില്‍ ഒരു വിഭാഗം പോലീസുമായി ഏറ്റമുട്ടുന്ന സാഹചര്യമാണ് നേരിട്ടത്. പോലീസ് കാര്‍ മറിച്ചിടുകയും, ഡബിള്‍ ഡെക്കര്‍ ബസിന് തീകൊളുത്തുകയും ചെയ്തതോടെ കലാപം ഒതുക്കാന്‍ കൂടുതല്‍ പോലീസ് രംഗത്തിറങ്ങേണ്ടി വന്നു.