തെരുവുകള്‍ ചീഞ്ഞുനാറി, എലികളും, പെരുച്ചാഴിയും വരെ കളം വാഴുമ്പോഴും പരിഹാരം കാണാന്‍ താല്‍പര്യമില്ലാത്ത അധികാരികള്‍ വാഴുന്ന കാലമാണ്. ബര്‍മിംഗ്ഹാമിനെ കുറിച്ച് പറയുമ്പോള്‍ ഇത് വളരെ കൃത്യവുമാണ്. കാരണം ഇവിടെ ബിന്‍ ജീവനക്കാര്‍ പണിമുടക്കാന്‍ തുടങ്ങിയിട്ട് മാസം നാലായി. ഇതുവരെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നടപടികള്‍ എത്തിയിട്ടില്ല.
പൊതുജനം മാലിന്യക്കൂമ്പാരത്തിനുള്ളില്‍ നട്ടം തിരിയുകയാണ്. സ്‌മോള്‍ ഹീത്ത്, ബോര്‍ഡെസ്ലി ഗ്രീന്‍ എന്നിങ്ങനെയുള്ള പ്രദേശങ്ങളാണ് ദുരിതം ഏറ്റവും കൂടുതല്‍. ഇവിടെ മാലിന്യം നിറഞ്ഞുകവിഞ്ഞ നിലയിലാണ്. കാള്‍ടണ്‍ റോഡ് പോലുള്ള തെരുവുകളില്‍ വഴിയുടെ ഏറ്റവും അവസാനം വീട്ടിലെ മാലിന്യം ഉപേക്ഷിക്കുകയാണ് പൊതുജനം.
താപനില 32 സെല്‍ഷ്യസ് വരെ ഉയരുന്ന നിലയിലേക്ക് എത്തിയതോടെ സ്ഥിതി രൂക്ഷമാണ്. വിഷയത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. മറ്റ് വഴികളില്ലാതെ മാലിന്യം കവറിലാണ് ഒഴിഞ്ഞ സ്ഥലങ്ങള്‍ നോക്കി വലിച്ചെറിയേണ്ട സ്ഥിതിയാണ്. ജനങ്ങളെ ഈ വിധത്തില്‍ ബുദ്ധിമുട്ടിപ്പിക്കുന്നത് മാന്യതയല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ജനുവരിയിലാണ് മാലിന്യ റീസൈക്ലിംഗ്, കളക്ഷന്‍ ഓഫീസര്‍ ജോലികള്‍ റദ്ദാക്കിയതിന്റെ പേരില്‍ സമരം തുടങ്ങുന്നത്. മാര്‍ച്ച് 11 മുതല്‍ സമരം സമ്പൂര്‍ണ്ണ പണിമുടക്കായി. ലോറികള്‍ സമരക്കാര്‍ തടയുന്നതിനാല്‍ തടസ്സപ്പെട്ട മാലിന്യ നീക്കം ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന്റെ പ്രതികരണം. ആഴ്ചയില്‍ ഒരു ദിവസം വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കാനുള്ള അടിയന്തര പദ്ധതിയാണ് തിരിച്ചെത്തിയിരിക്കുന്നത്.