ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റില്‍ നികുതികള്‍ വര്‍ദ്ധിക്കുമെന്ന് സമ്മതിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്, ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് എന്നിവയിലെ വര്‍ദ്ധനവും, പെന്‍ഷന്‍ മാറ്റങ്ങളും ഉണ്ടാകില്ലെന്ന് തറപ്പിച്ച് പറയാന്‍ റീവ്‌സ് തയ്യാറായില്ല.
'ബജറ്റില്‍ നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്', ന്യൂസ് ഏജന്റ്‌സ് പോഡ്കാസ്റ്റില്‍ സംസാരിക്കവെ റീവ്‌സ് പറഞ്ഞു. എന്നാല്‍ നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ്, ഇന്‍കം ടാക്‌സ് എന്നിവയെ തൊടില്ലെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ഈ പാര്‍ലമെന്റിന്റെ കാലത്ത് ഈ മൂന്ന് നികുതികളും ഉയര്‍ത്തില്ലെന്ന് ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
ഒക്ടോബര്‍ 30-നാണ് ബജറ്റ് നടക്കുന്നത്. കൂടുതല്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ വരുമെന്ന് റീവ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നികുതി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് റീവ്‌സ് നടത്തുന്നതെന്ന് കണ്‍സര്‍വേറ്റീവുകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് സൃഷ്ടിച്ച 22 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് മുന്‍നിര്‍ത്തിയാണ് ചാന്‍സലര്‍ നികുതി വര്‍ദ്ധിപ്പിക്കാനുള്ള ന്യായങ്ങള്‍ കണ്ടെത്തുന്നത്. ജെറമി ഹണ്ട് ഹൗസ് ഓഫ് കോമണ്‍സിനും, രാജ്യത്തിനും മുന്നില്‍ പൊതുഖജനാവിനെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്ന് റീവ്‌സ് ആരോപിച്ചിരുന്നു.