സിബി മലയിലിന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ 'ഭരതം'. ലോഹിതദാസ് ആയിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് സിബി മലയില്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ഭരതത്തിലെ ഒരു സീനിലെ മോഹന്‍ലാലിന്റെ പ്രകടനം കണ്ട് താന്‍ കട്ട് പറയാന്‍ മറന്നുവെന്നാണ് സിബി മലയില്‍ പറയുന്നത്.
''ആക്ടേഴ്സ് പെര്‍ഫോം ചെയ്യുന്നത് കണ്ട് ഇടക്കൊക്കെ നമ്മള്‍ കട്ട് പറയാന്‍ പോലും കഴിയാതെ പോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് മോഹന്‍ലാലിന്റെ ഭരതത്തിലേതാണ്. ജ്യേഷ്ഠന്‍ മരിച്ചത് അറിഞ്ഞിട്ട് അയാളുടെ സാധനങ്ങള്‍ ഐഡന്റിഫൈ ചെയ്യാന്‍ പോകുന്ന സീനായിരുന്നു അത്.
കൂടെ മുരളിയുടെയും ഉര്‍വശിയുടെയും കഥാപാത്രങ്ങളും ഉണ്ടായിരുന്നു. അയാളുടെ ജ്യേഷ്ഠന്റെ ശരീരം അടക്കിയിരുന്നു, അതുകൊണ്ട് തന്നെ പിന്നെ ചെയ്യാനുള്ളത് സാധനങ്ങള്‍ അയാളുടെ ജ്യേഷ്ഠന്റേത് തന്നെയാണോ എന്ന് തിരിച്ചറിയുക എന്നതാണ്. ആ സാധനങ്ങള്‍ കൊണ്ടുവരാന്‍ പറയും. ആ മൊമന്റില്‍ ഞാന്‍ ഒരു ക്ലോസപ്പായിരുന്നു വെച്ചത്. അന്ന് ലാലിനോട് ഞാന്‍ പറഞ്ഞത് 'പൊലീസുകാരന്‍ ഈ സാധനങ്ങള്‍ എടുക്കാന്‍ പോയിട്ട് തിരിച്ച് വരുന്നത് വരെ ഒരു മൊമന്റുണ്ട്. അത് ഞാന്‍ ക്ലോസില്‍ എടുക്കാന്‍ പോകുകയാണ്' എന്നായിരുന്നു.
അപ്പോള്‍ നിങ്ങളുടെ മനസില്‍ ഉള്ളത്, ഇത് എന്റെ ജ്യേഷ്ഠന്റേത് ആകരുതേ എന്നതാണ്. ആ പ്രാര്‍ത്ഥനയിലാണ് നിങ്ങള്‍ അവിടെ ഇരിക്കുന്നത്. അതേസമയം അത് ജ്യേഷ്ഠന്റേത് ആകുമോയെന്ന ഭയവും നിങ്ങള്‍ക്ക് ഉണ്ടാകും' എന്നും പറഞ്ഞു. ഒരു ആക്ടറിനെ സംബന്ധിച്ച് ഏറ്റവും ചാലഞ്ചിങ്ങായ ഒന്നാണ് ക്ലോസപ്പ് ഷോട്ട്. അതില്‍ എതിരെ റിയാക്ട് ചെയ്യാന്‍ ആരും ഉണ്ടാകില്ല. ഒരു ക്യാമറയുടെ മുന്നില്‍ അയാള്‍ മാത്രമാണ് ഉണ്ടാവുക.
അന്ന് മോഹന്‍ലാലിന്റെ സൈഡില്‍ ഉര്‍വശിയും ഉണ്ടായിരുന്നു. അയാള്‍ ആ സമയത്ത് ശരിക്കും നിരായുധന്‍ ആയിരുന്നു. നടക്കാന്‍ പറ്റില്ല, മൂവ്മെന്റുമില്ല. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറയുടെ പുറകില്‍ ഇരുന്ന ഞാന്‍ ഒരു നിമിഷം എല്ലാം മറന്നു പോയി. ഇയാള്‍ അഭിനയിച്ചു കഴിഞ്ഞോ, ഞാന്‍ ഇനി കട്ട് പറയണോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. കണ്ണ് നിറഞ്ഞിട്ട് ഞാന്‍ മറന്നു പോയ ഒരു മൊമന്റായിരുന്നു അത്.',സിബി മലയില്‍ പറഞ്ഞു.