കങ്കണ റണാവത്തിന്റെ 'എമര്‍ജന്‍സി' ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയില്‍. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്തത്. സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ വ്യക്തമാക്കി. തന്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണെന്നും കങ്കണ പറയുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. കാര്യങ്ങളുടെ പോക്കില്‍ താന്‍ തീര്‍ത്തും നിരാശയിലാണ്. നമ്മള്‍ എത്രമാത്രം ഭയക്കും? ഈ സിനിമ ചെയ്തത് വളരെ അഭിമാനത്തോടെയാണ് എന്നാണ് കങ്കണ പറയുന്നത്. സെന്‍സര്‍ഷിപ്പ് പ്രശ്‌നങ്ങളും നടിക്ക് നേരെയുണ്ടായ വധഭീഷണികളും കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്.
കൂടുതല്‍ കാലതാമസം കൂടാതെ ചിത്രം എത്രയും വേഗം റിലീസ് ചെയ്യണമെന്നാണ് താരത്തിന്റെ ആഗ്രഹമെന്നും അവര്‍ അറിയിച്ചു. അതേസമയം ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പിറക്കുമെന്ന് കങ്കണ വ്യക്തമാക്കി. എമര്‍ജന്‍സി എന്ന് പേരുള്ള എന്റെ ചിത്രത്തിനുമേല്‍ അടിയന്തരാവസ്ഥ ചുമത്തിയിരിക്കുകയാണ്. ഇതൊരു ഭീകരമായ അവസ്ഥയാണ്.
നമ്മുടെ രാജ്യത്തെ കുറിച്ചും ഇവിടെ കാര്യങ്ങള്‍ എങ്ങനെ വികസിക്കുന്നുവെന്ന് ഓര്‍ത്ത് ഞാന്‍ വളരെ നിരാശയിലാണ് എന്നും കങ്കണ വ്യക്തമാക്കി. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. കങ്കണ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും.
ഞാന്‍ വളരെ ആത്മാഭിമാനത്തോടെയാണ് ഈ സിനിമ നിര്‍മ്മിച്ചത്. അതുകൊണ്ടാണ് സിബിഎഫ്‌സിക്ക് ഒരു തര്‍ക്കവും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തത്. അവര്‍ എന്റെ ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മരവിപ്പിച്ചിരിക്കുന്നു, പക്ഷേ ചിത്രത്തിന്റെ അണ്‍കട്ട് പതിപ്പ് പുറത്തിറക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഇന്ദിരാ ഗാന്ധി സ്വന്തം വീട്ടില്‍ വെച്ച് പെട്ടെന്ന് മരിച്ചുവെന്ന് കാണിക്കാന്‍ കഴിയില്ല. ഞാന്‍ കോടതിയില്‍ പോരാടി ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പ് പുറത്തിറക്കും എന്ന് കങ്കണ വ്യക്തമാക്കി. അതേസമയം, സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലര്‍ ചേര്‍ന്ന് എമര്‍ജന്‍സിയുടെ പ്രദര്‍ശനം പൂര്‍ണമായി തടയണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു.