ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മറ്റി വനിതാ അധ്യക്ഷയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. ലണ്ടനിലെ ക്രോയ്ഡനില്‍ വെച്ചു സംഘടിപ്പിച്ച സമ്മേളനം എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വക്താവ് റോമി കുര്യാക്കോസ് ആമുഖവും, പ്രോഗ്രാം ക്ണ്‍വീനറും ഒ ഐ സി സി (യു കെ) സറെ റീജിയന്‍ പ്രസിഡന്റുമായ വില്‍സണ്‍ ജോര്‍ജ് സ്വാഗതവും ആശംസിച്ചു. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റീജിയനുകളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കു ചേരുന്നതിനും പുതിയ കമ്മിറ്റിക്ക് അഭിവാദ്യങ്ങളും അനുമോദനങ്ങളും അര്‍പ്പിക്കുവാന്‍ എത്തിച്ചേര്‍ന്നു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ശ്രീ. വിശ്വനാഥന്‍ പെരുമാള്‍ സത്യവാചകം ചൊല്ലി കൊടുത്തു. പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുത്തത്. പ്രസിഡന്റിനു പുറമെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ബേബികുട്ടി ജോര്‍ജ്, സുജു കെ ഡാനിയേല്‍, ഡോ. ജോഷി ജോസ്, അപ്പ ഗഫുര്‍ എന്നിവര്‍ക്കും വിശ്വനാഥന്‍ പെരുമാള്‍ പ്രത്യേകമായി സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്നു, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോര്‍ജ് ജോസഫ്, ഫിലിപ്പ് കെ ജോണ്‍, ജനറല്‍ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അജിത് വെണ്മണി, അഷ്‌റഫ് അബ്ദുള്ള, നാഷണല്‍ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറിമാര്‍, അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, നാഷണല്‍ കമ്മറ്റി അംഗങ്ങള്‍
യുവജന പ്രതിനിധികള്‍, എന്നിവര്‍ കൂട്ടമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.
ഒ ഐ സി സി (യു കെ) വര്‍ക്കിങ്ങ് പ്രസിഡന്റ് മണികണ്ഠന്‍ അയ്ക്കാട്, ട്രഷറര്‍ ബിജു വര്‍ഗീസ് എന്നിവര്‍ ഇന്ത്യയില്‍ ആയിരുന്നതിനാല്‍ പിന്നീടൊരു അവസരത്തില്‍ മാത്രമേ അവര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും എന്ന് നേതൃത്വം അറിയിച്ചു. വൈസ് പ്രസിഡന്റ് ലിലിയ പോള്‍, ജോയിന്റ് സെക്രട്ടറി ശാരിക അമ്പിളി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത വനിത പ്രതിനിധികള്‍. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം കേക്ക് മുറിച്ചു അംഗങ്ങള്‍ സന്തോഷം പങ്കിട്ടു.
ഒ ഐ സി സിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സംഘടനയുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ച മുന്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരായ കെ സുധാകരന്‍, മുല്ലപ്പളി രാമചന്ദ്രന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, വി ഡി സതീശന്‍ എന്നി നേതാക്കന്മാരെ മറക്കാന്‍ സാധിക്കില്ല എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വിശ്വനാഥന്‍ പെരുമാള്‍ പറഞ്ഞു. ഒ ഐ സി സി (യു കെ) - യുടെ പുതിയ പ്രസിഡന്റ് വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ പ്രവര്‍ത്തന പ്രാവീണ്യം തെളിയിക്കുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും പുരസ്‌കാരം കരസ്ഥമാക്കിയ കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മലയാളി സമൂഹം കൂടുതലായുള്ള യു കെയില്‍ ഒ ഐ സി സിയുടെ പങ്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും വിശ്വനാഥന്‍ പെരുമാള്‍ കുട്ടിച്ചേര്‍ത്തു. കെ പി സി സിയുടെ ചുമതല വഹിച്ചിരുന്ന എ ഐ സി സി ജനറല്‍ സെകട്ടറിയായിരുന്ന വിശ്വനാഥന്‍ പെരുമാള്‍ കഴിഞ്ഞ ദിവസമാണ് തെലുങ്കാനയുടെ ചുമതലയിലേയ്ക്ക് മാറിയത്.
നേതാക്കന്മാരുടെ സത്യ പ്രതിജ്ഞയ്ക്കും തന്റെ നയപ്രഖ്യാപനത്തിനും ശേഷം പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യുസ് സംഘടനയുടെ 2024 - 25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികളയുടെ കരട് രൂപം വേദിയില്‍ അവതരിപ്പിച്ചു. 'നേതൃത്വം പ്രവര്‍ത്തകരിലേക്ക്' എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ഒ ഐ സി സിയുടെ പുതിയ
നേതൃത്വം പ്രതിജ്ഞാ ബദ്ധരാണെന്ന് ഷൈനു ക്ലെയര്‍ മാത്യുസ് തന്റെ നയ പ്രഖ്യാപനത്തില്‍ കൂട്ടിച്ചേര്‍ത്തു.
കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുടുംബ സമ്മേളനം, മാതാ പിതാക്കന്മാരെ ആദരിക്കുന്ന 'അമ്മ തൊട്ടിലില്‍' പദ്ധതി, യുവജന പുരോഗതിക്കായുള്ള 'യുവം യു കെ' പദ്ധതി, ജീവനരക്ഷക്കായുള്ള രക്തദാന പദ്ധതി, ജീവകരുണ്യ പദ്ധതികള്‍ തുടങ്ങിയവയുടെ കരട് രൂപ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് നേതാക്കന്മാരും പ്രവര്‍ത്തകരും ഏറ്റെടുത്തത്.
യു കെയിലാകമാനം ഒ ഐ സി സിയുടെ സംഘടന ശക്തി വര്‍ധിപ്പിക്കുന്നതിനും സജ്ജരായ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനുമായി അടുത്ത ഒരുവര്‍ഷക്കാലത്തേക്ക് യുദ്ധകലാടിസ്ഥാനത്തിലാണ് പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നതെന്നും ഒ ഐ സി സിയുടെ ഓഫീസ് യു കെയില്‍ തുറന്നു സജ്ജീകരിക്കുമെന്നും ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു. ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ ഒ ഐ സി സി പ്രവര്‍ത്തകരുടെ ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നതായും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അണിചേരാന്‍ യു കെയിലെ വിവിധ റീജിയനുകളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒ ഐ സി സി വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ജോഷി ജോസ് നന്ദി അര്‍പ്പിച്ചു. മധുര വിതരണത്തിനും സ്‌നേഹവിരുന്നിനും ശേഷം സമ്മേളനം അവസാനിച്ചു.
റോമി കുര്യാക്കോസ്