CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 13 Seconds Ago
Breaking Now

സീറോ മലബാര്‍ സഭാഅംഗങ്ങള്‍ ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ ; സഭയുടെ മികച്ച പ്രവര്‍ത്തനങ്ങളില്‍ സ്രാമ്പിക്കല്‍ പിതാവിനെ പ്രശംസിച്ച് സഭാ തലവന്‍

ലണ്ടന്‍ .സീറോ മലബാര്‍ സഭയിലെ പ്രവാസി രൂപതകളില്‍ ഏറ്റവും സജീവവും ഊര്‍ജ്ജ സ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെന്ന്  സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ .രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന അദ്ദേഹം റാംസ്ഗേറ്റിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍  രൂപതയുടെ വൈദിക സമിതിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു .

വിശ്വാസ പരിശീലനത്തിലും ,അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും യുറോപ്പിലെ സഭക്ക് തന്നെ മാതൃകയാണ്  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രേറ്റ് ബ്രിട്ടനിലേക്ക് വിവിധ ജോലി മേഖലകള്‍ തേടി കുടിയേറിയിട്ടുള്ള എഴുപതിനായിരത്തോളം സഭാ മക്കളു ണ്ട് ,അവരുടെ കുടിയേറ്റം സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ളതാകരുതെന്നും ദൈവം പ്രതീക്ഷിക്കുന്ന പ്രേഷിത ശുശ്രൂഷക്കായി നിയമിക്കപ്പെട്ട് അയക്കപ്പെട്ടവരാണ്  തങ്ങളെന്ന് ബോധ്യപ്പെടണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു .

രൂപതയുടെ പ്രൗഢമായ വൈദിക സമിതിക്ക് ഈ നാടിന്റെ സംസ്‌കാരത്തില്‍ വിശ്വാസ സമൂഹത്തെ പടുത്തുയര്‍ത്താനും നയിക്കാനുമുള്ള കടമയുണ്ട് . പുതിയ തലമുറക്ക് സ്വീകാര്യമാകുന്ന വിധത്തില്‍ തദ്ദേശീയ സംസ്‌കാരത്തിലും ഭാഷയിലും അജപാലന ശുശ്രൂഷ നിര്‍വഹിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട് , അതിനായി നിസ്വാര്‍ഥമായ ആത്മസമര്‍പ്പണവും , കഠിനാദ്ധ്വാനവും വൈദിക സമൂഹം ഏറ്റെടുക്കേണ്ടതുണ്ട് .പ്രതിസന്ധികളുടെയും ക്ലേശങ്ങളുടെയും മദ്ധ്യേ പ്രത്യാശാപൂര്‍വം വൈദികര്‍ ദൈവജനത്തിനായി ഏറ്റെടുക്കുന്ന അദ്ധ്വാനങ്ങള്‍ വിലമതിക്കേണ്ടവയാണെന്ന് പിതാവ് അനുസ്മരിച്ചു .

രൂപതയെ ശ്രദ്ധാപൂര്‍വം നയിക്കുന്നതിനും , ഒരു വ്യക്തി സഭയെന്ന നിലയിലുള്ള സീറോ മലബാര്‍ സഭയുടെ തനിമയും വ്യതിരക്തതയും  കാത്ത് സൂക്ഷിക്കുന്നതിനും രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തുന്ന പരിശ്രമങ്ങളെ മേജര്‍ ആര്‍ച്ച്  ബിഷപ് അനുമോദിച്ചു . വൈദികസമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ എത്തിയ മേജര്‍ ആര്‍ച്ച്  ബിഷപ്പിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സ്വാഗതം ചെയ്തു , 

രൂപതയിലെ വൈദികരുമായി ഏറെ നേരം ആശയവിനിമയം നടത്തിയ ശേഷമാണ് മാര്‍ തട്ടില്‍ മടങ്ങിയത് . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട്  നന്ദി അര്‍പ്പിച്ചു . 

 

ഷൈമോന്‍  തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.