യുകെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇത് മഹനീയ നിമിഷം. യുകെയില്‍ സീറോ മലബാര്‍ രൂപത പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ വിശ്വാസി സമൂഹം സ്വപ്നം കണ്ടിരുന്ന കേന്ദ്ര ആസ്ഥാനത്തിന് ഇന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആശിര്‍വാദം നല്‍കുന്നു. വലിയൊരു വിശ്വാസ സമൂഹമായി ഇവിടം മാറിയതോടെയാണ് പ്രത്യേക രൂപത അനുവദിച്ചത്. ഒരു മാസം കൊണ്ട് തന്നെ ഇതിനായുള്ള പണം സമാഹരിച്ചു. കേന്ദ്ര ആസ്ഥാനം വാങ്ങാനുള്ള ഒരുമിച്ചുള്ള തീരുമാനത്തിന്റെ വലിയ വിജയമായിരുന്നു ഇത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്നെ ഉത്ഘാടനത്തിനായി എത്തുകയുമാണ്.
ഏതാനും ദിവസമായി യുകെ സന്ദര്‍ശനം നടത്തുന്ന മാര്‍ റാഫേല്‍ തട്ടില്‍ ഏതാനും മിഷന്‍ ഇടവകകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷമാണ് ഇന്ന് ബിര്‍മിന്‍ഹാമിലേക്ക് എത്തുന്നത്.
ബര്‍മിംഗ്ഹാമിലെ ഓള്‍ഡ് ഓസ്‌കോട്ട് ഹില്ലില്‍ 13,500 ചതുരശ്ര അടി വിസ്തൃതിയുള്ള പാസ്റ്ററല്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വൈദികരുടെയും സന്യസ്തരുടെയും എല്ലാ മിഷനുകളില്‍ നിന്നുമുള്ള വിശ്വാസികളുടെയും പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 11 കോടി രൂപ സമാഹരിച്ചാണ് ലക്ഷ്യം നടപ്പാക്കുന്നത്. ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
കെട്ടിടത്തിന്റെ താക്കോല്‍ കൈമാറ്റം നേരത്തെ നടന്നു. തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹബലിയോടെ പാസ്റ്ററല്‍ സെന്റര്‍ രൂപതയുടെ ഭാഗമായി മാറി. 2016 ജൂലൈ 16-നു ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് രൂപതാ ആസ്ഥാനവും പാസ്റ്ററല്‍ സെന്ററും സ്വന്തമായുള്ള കെട്ടിടത്തിലേക്ക് മാറുന്നത്.
1.8 ഏക്കര്‍ സ്ഥലവും കാര്‍ പാര്‍ക്കും ഈ പ്രോപ്പര്‍ട്ടിയില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തില്‍ നിലവില്‍ 22 ബെഡ്റൂമുകളും 50 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഡോര്‍മറ്ററിയും അനുബന്ധ ഹാളുകളും 50 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും 100 പേരേ ഉള്‍ക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ സൗകര്യമേറും
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തില്‍ മിഷന്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍, യുവജനങ്ങള്‍, കുടുംബ കൂട്ടായ്മകള്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും അവര്‍ക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററല്‍ സെന്റര്‍ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകള്‍ക്കും ധ്യാനങ്ങള്‍ക്കും പൊതുവായ കൂടിച്ചേരലുകള്‍ക്കും വിവാഹ ഒരുക്ക സെമിനാറുകള്‍ക്കും ഇവിടെ സൗകര്യമുണ്ടാക്കും. വിശ്വാസ സമൂഹത്തിന് മുതല്‍കൂട്ടാകും ഈ കേന്ദ്ര ആസ്ഥാനം.