CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 4 Seconds Ago
Breaking Now

വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ മിഷന്‍. മുഖ്യാതിഥി മാര്‍ റാഫേല്‍ തട്ടില്‍

വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് പുതിയ മിഷന്‍ നിലവില്‍ വരുന്നു. സെന്റ് അല്‍ഫോന്‍സാ മിഷന്‍ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ാം തീയതി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ   മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നടത്തും. സെപ്റ്റംബര്‍ 25-ാം തീയതി ബുധനാഴ്ച 5 മണിക്ക് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കും ഉത്ഘാടന ചടങ്ങുകള്‍ക്കും മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നല്‍കും. കിത്തിലിയിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക.

കിത്തിലി കേന്ദ്രീകൃതമായി സീറോ മലബാര്‍ സഭയ്ക്ക് ഒരു മിഷന്‍ എന്ന കിത്തിലി നിവാസികളുടെ ചിരകാല സ്വപ്നത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ദേവാലയത്തിന്റെ വികാരിയും പുതിയതായി രൂപീകൃതമാകുന്ന മിഷന്റെ നിയുക്ത ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാംകുളം (MCBS ) ന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. കിത്തിലിയിലെ സീറോ മലബാര്‍ സമൂഹം നിലവില്‍ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ഇടവകയിലെ അംഗങ്ങളാണ്. ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ഇടവക വിഭജിച്ച് പുതിയതായി ഒരു മിഷന്‍ കൂടി നിലവില്‍ വരുന്നതോടുകൂടി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഒരു പുതിയ നാഴിക കല്ലാകും.

വെസ്റ്റ് യോര്‍ക്ക് ഷെയറിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് കിത്തിലിയിലെ വിശ്വാസികള്‍ നല്‍കിയ പിന്തുണ ചരിത്രത്തിന്റെ ഭാഗമാണ്. വെസ്റ്റ് യോര്‍ക്ക് ഷെയറിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ദൗത്യവുമായി ഫാ. ജോസഫ് പൊന്നോത്ത് ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എത്തുമ്പോള്‍ കിത്തിലി ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. കിത്തിലി നിവാസികള്‍ നല്‍കിയ പിന്തുണ ഫാ. ജോസഫ് പൊന്നോത്തിനെ ഭൂവിസ്തൃതിയില്‍ വിശാലമായി കിടക്കുന്ന വെസ്റ്റ് യോര്‍ക്ക് ഷെയറിലെമ്പാടും ഓടിനടന്ന് സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും ഏകോപിപ്പിക്കാനും സഹായകരമായി. ലീഡ്‌സ് ആസ്ഥാനമായി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ വിശ്വാസികള്‍ ഫാ. ജോസഫ് പൊന്നോത്തിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയപ്പോഴും, ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തില്‍ ഇടവക ദേവാലയം ആയപ്പോഴും കിത്തിലിയിലെ വിശ്വാസികള്‍ സഭയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയത്.

പുതിയ മിഷന്റെ ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.