പടര്‍ന്ന് പടര്‍ന്ന് ഇപ്പോള്‍ കൊവിഡിനെ എല്ലാവരും മറന്നിരിക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് ഭയപ്പെട്ട് ഇരുന്ന കൊവിഡ് വൈറസിനെ ഇപ്പോള്‍ എല്ലാവരും അവഗണിക്കുകയാണ്. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനൊന്നും ആളുകള്‍ക്ക് താല്‍പര്യം പോരാ. ഈ ഘട്ടത്തിലാണ് യൂറോപ്പിന് ഒട്ടാകെ ആശങ്ക പരത്തി പുതിയ എക്‌സ്ഇസി കൊവിഡ് വേരിയന്റ് പടരുന്നത്.
വിന്റര്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഘട്ടത്തില്‍ ഈ വേരിയന്റ് ശക്തമായ നിലയിലേക്ക് എത്തുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജൂണില്‍ ജര്‍മ്മനിയില്‍ ആദ്യം കണ്ടെത്തിയ വേരിയന്റ് യുകെയ്ക്ക് പുറമെ അയര്‍ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, യുഎസ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. 1115 കേസുകള്‍ ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫ്‌ളൂ, ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ തന്നെയാണ് ഈ വേരിയന്റ് ബാധിച്ചവരിലും പ്രത്യക്ഷപ്പെടുന്നത്. ഭൂരിഭാഗം പേര്‍ക്കും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗാവസ്ഥ മാറുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരികയും, ചിലര്‍ക്ക് ആശുപത്രി അഡ്മിഷനും വേണ്ടിവരുന്നുണ്ട്.
ജനങ്ങളുടെ പ്രതിരോധ ശേഷി കുറയുന്നതായുള്ള ആശങ്കകള്‍ നിലനില്‍ക്കവെയാണ് പുതിയ വേരിയന്റ് എത്തിച്ചേരുന്നത്. അതിനാല്‍ ആയിരക്കണക്കിന് പേര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ ഓഫര്‍ ചെയ്യുകയാണ് യുകെ. ഈയാഴ്ച എന്‍എച്ച്എസ് ആരംഭിക്കുന്ന ഓട്ടം ബൂസ്റ്റര്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്കും, ഹെല്‍ത്ത്‌കെയര്‍ ജോലിക്കാര്‍ക്കുമാണ് ലഭ്യമാക്കുന്നത്. 12 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 65ന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.