CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 35 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള - 2024 ലോഗോ മത്സരത്തില്‍ കീത് ലി മലയാളി അസോസിയേഷനിലെ ഫെര്‍ണാണ്ടസ് വര്‍ഗീസും, നഗര്‍ നാമനിര്‍ദേശക മത്സരത്തില്‍ ഹെറിഫോര്‍ഡ് മലയാളി അസോസിയേഷനിലെ റാണി ബില്‍ബിയും ജേതാക്കള്‍.....

യുക്മ പതിനഞ്ചാം വര്‍ഷത്തിലെത്തി ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന വേളയില്‍ പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടന കൂടിയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കം നവംബര്‍ 2 ന് ചെല്‍റ്റന്‍ഹാമില്‍ വെച്ച് നടക്കുകയാണ്. പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നഗര്‍ നാമനിര്‍ദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ നിരവധിയാളുകള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. നിരവധി പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ  മാതൃവാത്സല്യത്തിന്റെ പ്രതിരൂപമായി, എല്ലാവരുടേയും അമ്മയായി മാറിയ അഭിനേത്രി അനശ്വരയായ കവിയൂര്‍ പൊന്നമ്മയ്ക്ക് യുക്മ നല്‍കുന്ന ആദരമായി 2024 കലാമേള നഗറിന് 'കവിയൂര്‍ പൊന്നമ്മ നഗര്‍' എന്ന് നാമനിര്‍ദ്ദേശം ചെയ്യാന്‍ യുക്മ ദേശീയ സമിതി തീരുമാനമെടുത്തതായി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. 

യു.കെ മലയാളികള്‍ക്കായി നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ കീത് ലി മലയാളി അസോസിയേഷനില്‍ നിന്നുമുള്ള ഫെര്‍ണാണ്ടസ് വര്‍ഗീസ് ആണ് വിജയിയായത്. നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ലോഗോ ഡിസൈന്‍ മത്സരത്തില്‍ ശ്രദ്ധേയമായ നിരവധി ഡിസൈനുകളില്‍ നിന്നാണ് വിജയിയെ കണ്ടെത്തിയത്. ഫെര്‍ണാണ്ടസ് തയ്യാറാക്കിയ ലോഗോ ആശയപരമായും സാങ്കേതികമായും ഏറെ മികച്ചതെന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തിയതായി മത്സര വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അറിയിച്ചു. 

കലാമേള നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ വിജയിയായ  റാണി ബില്‍ബിയ്ക്ക് ഫലകവും ലോഗോ മത്സരത്തില്‍ വിജയിയായ ഫെര്‍ണാണ്ടസ് വര്‍ഗീസിന് ക്യാഷ് അവാര്‍ഡും ഫലകവും നവംബര്‍  2ന് ചെല്‍റ്റന്‍ഹാമിലെ ദേശീയ കലാമേള വേദിയില്‍ വെച്ച് സമ്മാനിക്കുന്നതാണ്.

പതിനഞ്ചാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ ആണ്. ഗ്ലോസ്റ്റര്‍ഷയറിലെ ചരിത്ര പ്രസിദ്ധമായ ചെല്‍റ്റന്‍ഹാമിലാണ് ഇക്കുറിയും യുക്മ ദേശീയ കലാമേളയുടെ അരങ്ങുണരുന്നത്. കുതിരയോട്ട മത്സരങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും പേരു  കേട്ട ചെല്‍റ്റന്‍ഹാമിലേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരെയും കലാകാരികളെയും യുക്മ പ്രവര്‍ത്തകരെയും സസന്തോഷം സ്വാഗതം ചെയ്യുന്നതായി യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, കലാമേള ദേശീയ കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുജു ജോസഫ്, ദേശീയ സമിതി അംഗം ടിറ്റോ തോമസ് എന്നിവര്‍ അറിയിച്ചു.

 

 

അലക്‌സ് വര്‍ഗ്ഗീസ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.