CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 36 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം....പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാള്‍വഴികളിലൂടെ ഒരു തീര്‍ത്ഥയാത്ര - രണ്ടാം ഭാഗം ലിവര്‍പൂള്‍ മുതല്‍ ഹണ്ടിംഗ്ടണ്‍ വരെ

ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ കലാമേളകള്‍ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുകൂടുന്ന കലാമത്സര വേദികള്‍ എന്ന ഖ്യാതി ഇതിനകം ആര്‍ജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളില്‍  പ്രഥമ സ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന  യുക്മ ദേശീയ കലാമേളകള്‍,  രാജ്യത്തിന്റെ വിവിധ മ റീജിയണുകളില്‍ നടക്കുന്ന റീജിയണല്‍ കലാമേളാ വിജയികള്‍ വീറോടെ ഏറ്റുമുട്ടുന്ന  മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങള്‍  തന്നെയാണ്.

 

യുക്മ സ്ഥാപിതമായിട്ട് ഒന്നര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 'ക്രിസ്റ്റല്‍ ഇയര്‍' ആഘോഷങ്ങള്‍  സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ നടക്കുകയാണ് 2024 ലെ ദേശീയ കലാമേള. നവംബര്‍ രണ്ട് ശനിയാഴ്ച യു കെ യുടെ കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ച  ഗ്ലോസ്റ്റര്‍ഷെയറിനടുത്തുള്ള ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്‌കൂളില്‍ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കള്‍ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന 'കവിയൂര്‍ പൊന്നമ്മ നഗറി'ല്‍ തിരിതെളിയാന്‍ ഇനി ഒരാഴ്ച  മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിലേക്ക് പുതിയ തലമുറയില്‍ യുകെയിലെത്തിപ്പെട്ട എല്ലാവര്‍ക്കും യുക്മ കലാമേള നാള്‍വഴിയിലൂടെ ഒരു യാത്ര ഈ അവസരത്തില്‍ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും അതുല്യമായ വളര്‍ച്ചയിലേക്കെത്തിയ മലയാളി സമൂഹത്തിന്റെ  ഒത്തൊരുമയുടെയും 

സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.   

 

തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷങ്ങള്‍ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകള്‍ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുകൂടുന്ന കലാമത്സര വേദികള്‍ എന്ന ഖ്യാതി ഇതിനകം ആര്‍ജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളില്‍  ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന  യുക്മ ദേശീയ കലാമേളകള്‍,  രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന റീജിയണല്‍ കലാമേളാ വിജയികള്‍ വീറോടെ ഏറ്റുമുട്ടുന്ന  മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങള്‍  തന്നെയാണ്. യുക്മയുടെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ആതിഥേയത്വം വഹിക്കാന്‍ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്‌കൂളിലെ 'കവിയൂര്‍ പൊന്നമ്മ  നഗറില്‍' യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തില്‍ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കള്‍ ഏറ്റുമുട്ടുകയാണ്

 

യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ  ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ല്‍ ബ്രിസ്റ്റോളില്‍നടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടര്‍ന്നുള്ള രണ്ട്  വര്‍ഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെന്റ്റ് എന്നീ നഗരങ്ങളില്‍ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തില്‍ നാം വായിച്ചു.

 

ഒരു രാജ്യം മുഴുവന്‍ വന്നെത്തുന്ന യുക്മ ദേശീയ കലാമേള ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരുപറ്റം ആളുകളുടെ കഠിന പരിശ്രമത്തിന്റെ വിജയങ്ങള്‍ കൂടിയാണ്. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന നൃത്ത-സംഗീത പരിശീലനങ്ങള്‍, നാട്ടില്‍നിന്നും പലഘട്ടങ്ങളായി രക്ഷിതാക്കള്‍ കടല്‍കടത്തി യു കെ യില്‍ എത്തിക്കുന്ന, ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ക്കാവശ്യമായ ആടയാഭരണങ്ങളും രംഗ സജ്ജീകരണ വസ്തുക്കളും, മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍,  സാമ്പത്തിക ഭാരം താങ്ങിക്കൊണ്ട് റീജിയണല്‍ കലാമേളകള്‍ സംഘടിപ്പിക്കാനുള്ള റീജിയണല്‍ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും പ്രയത്നങ്ങള്‍ അങ്ങനെപോകുന്നു യുക്മ ദേശീയ കലാമേളകള്‍  യാഥാര്‍ഥ്യമാക്കുന്നതിന് പിന്നിലെ കാണാപ്പുറങ്ങള്‍. ലിവര്‍പൂള്‍, ലെസ്റ്റര്‍, ഹണ്ടിങ്ടണ്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കലാമേളകളെക്കുറിച്ചാണ് ഇന്ന് നമ്മള്‍ വായിക്കുവാന്‍ പോകുന്നത്. 

 

2013 ദേശീയ മേള ചരിത്രഭൂമികയായ ലിവര്‍പൂളിലേക്ക്   

 

മൂന്ന്  ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു കെ യില്‍  നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തി തുടങ്ങിയ അക്കാലയളവില്‍ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും, യുക്മ ദേശീയ കമ്മറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷപ്പെരുമഴ പെയ്യിച്ചു. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍, നാലാമത് ദേശീയ കലാമേള മുദ്രാവാക്യമായ 'ആഘോഷിക്കൂ യുക്മയോടൊപ്പം' എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്. 

 

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെയും പ്രബലരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും (ലിംക) സംയുക്ത ആതിഥേയത്വത്തിലാണ് ദേശീയമേള സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി 'ദക്ഷിണാമൂര്‍ത്തി നഗര്‍' എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണ്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. ദേശീയ കലാമേളയുടെ ചരിത്രത്തില്‍ ഒരിക്കല്‍ക്കൂടി  ഈസ്റ്റ് ആംഗ്ലിയായിലെ പ്രബലരായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍ അസ്സോസിയേഷനായി. 

 

ലെസ്റ്റര്‍ കലാമേള 2014  : ദേശീയ മേള വീണ്ടും മിഡ്ലാന്‍ഡ്സിന്റെ മണ്ണിലേക്ക്

 

ഇത് ലെസ്റ്റര്‍ - 2009 ജൂലൈ മാസം യൂണിയന്‍ ഓഫ് യു കെ മലയാളീ അസോസ്സിയേഷന്‍സ് എന്ന യുക്മയുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടില്‍ മക്കള്‍ ഒത്തുകൂടുന്ന നിര്‍വൃതി പടര്‍ത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയന്റെയും ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെയും സംയുക്താതിഥേയത്വത്തില്‍ ലെസ്റ്ററില്‍ അരങ്ങേറി.  കണികൊന്നയും വാകപ്പൂമരവും പൂത്തുലഞ്ഞ വിധം മഞ്ഞയും ചുവപ്പും നിറങ്ങളില്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ തങ്ങളുടെ ഫേസ്ബുക്ക് കവര്‍ചിത്രങ്ങളാക്കികൊണ്ടാണ് യുക്മ പ്രവര്‍ത്തകരും യുക്മ സ്‌നേഹികളും കലാമേളയില്‍ പങ്കെടുക്കുന്നവരുമടങ്ങുന്ന ആയിരക്കണക്കിന് യു കെ മലയാളി കുടുംബങ്ങള്‍  ലെസ്റ്റര്‍ കലാമേളയെ വരവേറ്റത്.

 

കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന 'സ്വാതിതിരുനാള്‍' മഹാരാജാവിന്റെ പേരില്‍ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേര്‍ന്ന് തയ്യാറാക്കിയ 'രാജാരവിവര്‍മ്മ' ഹാളില്‍, ഇദംപ്രഥമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും  ലെസ്റ്റര്‍ മേളയുടെ ഒരു സവിശേഷതയായി.  ലെസ്റ്റര്‍ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്ലാന്‍ഡ്സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ അഞ്ചാമത് യുക്മ ദേശീയ കലാമേളയില്‍ ജേതാക്കളായി. അസോസിയേഷന്‍ വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍  ചാമ്പ്യന്മാരായി.

 

ഹണ്ടിങ്ടണ്‍ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയണും ഇത് രണ്ടാമൂഴം 

 

യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവര്‍ത്തി എം എസ് വിശ്വനാഥന്റെ ബഹുമാനാര്‍ത്ഥം 'എം എസ് വി നഗര്‍' എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്‌കൂളിലേയ്ക്ക്  നാലായിരത്തോളം യു കെ മലയാളികളാണ്  ഒഴുകിയെത്തിയത്. ഈസ്റ്റ് ആംഗ്ലിയ റീജിയണോടൊപ്പം ഹണ്ടിങ്ടണ്‍ മലയാളി അസോസിയേഷനും കൈകോര്‍ത്ത് ചരിത്രം രചിച്ച 2015 ദേശീയ കലാമേളയ്ക്ക് ആതിഥ്യമരുളി.

 

യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകള്‍. അത് തന്നെയാണ് യുക്മ ദേശീയ കലാമേളകളുടെ  വിജയവും. ലെസ്റ്ററിലെ സ്വന്തം മണ്ണില്‍ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകള്‍ തകര്‍ത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തില്‍ മറുപടി നല്‍കിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തില്‍ നടന്ന ദേശീയ  കലാമേളയില്‍ ജേതാക്കളായി മിഡ്ലാന്‍ഡ്സ് പകരം വീട്ടി. അസോസിയേഷന്‍ വിഭാഗം ചാമ്പ്യന്മാരായി സൗത്ത് വെസ്റ്റ്  റീജിയന്റെ കരുത്തരായ ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

മൂന്നാം ഭാഗത്തില്‍ വായിക്കുക.....കവന്‍ട്രി കലാമേള 2016, ഹെയര്‍ഫീല്‍ഡ് കലാമേള 2017 & ഷെഫീല്‍ഡ് കലാമേള 2018

 

(2019, 2020, 2021 വര്‍ഷങ്ങളില്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയായും, 2017 - 2019 വര്‍ഷങ്ങളില്‍ ദേശീയ സമിതിയുടെ ട്രഷററായും, മുന്‍പ് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, പി ആര്‍ ഒ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന ലേഖകന്‍, നിലവില്‍ യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു)

 

Alex Varghese

 

അലക്‌സ് വര്‍ഗ്ഗീസ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.