ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ 2026ല്‍ തമിഴകത്ത് അധികാരത്തിലെത്തുമെന്ന് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. നീതിപൂര്‍വമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പാക്കാത്ത സര്‍ക്കാരിനുള്ള മറുപടി 2026ല്‍ ജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ബി.ആര്‍.അംബേദ്കറെ കുറിച്ചുള്ള രചനകള്‍ സമാഹരിച്ച് വിസികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന തയ്യാറാക്കിയ 'എല്ലോര്‍ക്കും തലൈവര്‍ അംബേദ്കര്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിജയ്. രാജ്യം മുഴുവന്‍ ചര്‍ച്ചയായ വിഷയമായിരുന്നു മണിപ്പുരിലേത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സംഭവം അറിഞ്ഞ മട്ടേയില്ല. ശുദ്ധജലത്തില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ന്ന വേങ്കവയല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും ചടങ്ങില്‍ വിജയ് കുറ്റപ്പെടുത്തി. അംബേദ്കര്‍ ജന്മദിനം രാജ്യം ജനാധിപത്യ അവകാശ ദിനമായി ആചരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.