നടന് ദിലീപിനും സംഘത്തിനും ശബരിമല ദര്‍ശനത്തിന് വിഐപി പരിഗണന നല്‍കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവര്‍ ദര്‍ശനത്തിന് എത്തിയതെന്ന് വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കുന്നു.
സി സി ടി വി ദൃശ്യങ്ങളടക്കം ഇന്ന് ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ കൈമാറിയിരുന്നു. ദേവസ്വം വിജിലന്‍സ് എസ്പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞിരുന്നു.സിസിടിവി ദൃശ്യങ്ങളടക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദിലീപിന്റെ സന്ദര്‍ശനത്തില്‍ അന്വേഷണം ആരംഭിച്ചത്. ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലന്‍സ് എസ്പിയാണ് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തര്‍ക്ക് ദര്‍ശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായിട്ടാണ് വിഐപി ദര്‍ശനം നടത്തിയത് എന്നും പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോര്‍ഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.