ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ് പുതിയ വൈറസ് വ്യാപിക്കുമ്പോള്‍ വിവരങ്ങള്‍ സുതാര്യമാക്കാന്‍ ആവശ്യപ്പെട്ട് പാശ്ചാത്യ വിദഗ്ധര്‍. വൈറസ് യുഎസിലും പടരുന്നതിനിടെയാണ് ചൈന കൃത്യമായ വിവരങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം ഉയരുന്നത്. വെയ്റ്റിംഗ് റൂമും, വാര്‍ഡുകളും നിറഞ്ഞുകവിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോഴും ശ്വാസകോശ ഇന്‍ഫെക്ഷന്‍ ഗുരുതരമല്ലെന്നും, ചെറിയ വിഭാഗത്തെ മാത്രമാണ് ബാധിക്കുന്നതെന്നുമാണ് ബീജിംഗ് ഭാഷ്യം.
എന്നാല്‍ സമാനമായി വിവരങ്ങള്‍ പുറത്തുവിടാതിരുന്നതാണ് 2019-ല്‍ കൊവിഡ് മഹാമാരിയിലേക്ക് നയിക്കുന്നത്. അന്നും ചൈന പ്രശ്‌നത്തിന്റെ ആഴം വെളിപ്പെടുത്തിയിരുന്നില്ല. വീണ്ടും അത്തരമൊരു പ്രതിസന്ധി രൂപപ്പെടുമെന്നാണ് ഭീതി ഉയരുന്നത്. താരതമ്യേന അത്ര അറിയപ്പെടാത്ത ഹ്യൂമന്‍ മെറ്റാന്യൂമോവൈറസാണ് ചൈനയില്‍ വ്യാപനം സൃഷ്ടിക്കുന്നത്. ജലദോഷത്തിന് സമാനമായ മൂക്കടപ്പ്, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് ഇത് സൃഷ്ടിക്കുന്നത്.
എന്നിരുന്നാലും മഹാമാരി സംബന്ധിച്ച് ചൈന തങ്ങളുടെ ഡാറ്റ പങ്കിടുന്നത് സുപ്രധാനമാണെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി മെഡിസിന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്‌പേര്‍ട്ട് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സഞ്ജയ സേനാനായകെ പറഞ്ഞു. യുഎസില്‍ എച്ച്എംപിവി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഡിസംബര്‍ അവസാനം മുതല്‍ രേഖപ്പെടുത്തിയ കേസുകള്‍ ഇരട്ടിയായാണ് ഉയരുന്നത്.
വിന്ററില്‍ സീസണലായി പ്രത്യക്ഷപ്പെടുന്ന വൈറസ് സാധാരണമായി ആശുപത്രി അഡ്മിഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകാറില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 2011-ലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായവും, പ്രതിരോധശേഷിയും പോലുള്ള ഘടകങ്ങളാണ് എത്രത്തോളം അപകടം സൃഷ്ടിക്കുമെന്ന് തീരുമാനിക്കുന്നതെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടന്‍ വാക്‌സിന്‍ ഇമ്മ്യൂണോളജി വാക്‌സിന്‍ എക്‌സ്‌പേര്‍ട്ട് പ്രൊഫ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു.