Breaking Now

ഇപ്സ് വിച്ചിലെ ബോളിവുഡ് ഡാൻസ്, ബാസിൽഡനിൽ നിന്ന് എൽദോ സഹോദരിമാരും സ്കിറ്റും ഗ്രൂപ്പ് ഡാൻസും കേംബ്രിഡ്ജിൽ നിന്നും പാട്ടും നൃത്തവും യുക്മ ഫെസ്റ്റ് 2013 കൊഴുക്കും.

യു കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ജൂലൈ 27 ന് ശനിയാഴ്ച നോർത്താംപ്ടനിൽ വച്ചു സംഘടിപ്പിക്കുന്ന യുക്മ ഫെസ്റ്റ് 2013 എന്ന ഉത്സവത്തിലാണ് യുക്മയുടെ റീജിയണൽ/ നാഷണൽ വേദികളിൽ കഴിവും മികവും തെളിയിച്ച പ്രിയ താരങ്ങൾ അണിനിരക്കുന്നത്. മലയാളി അസോസിയേഷൻ നോർത്താംപ്ടൻ ആതിഥെയത്വം വഹിക്കുന്ന ഈ സാംസ്കാരിക മേള ഉദ്ഖാടനം ചെയ്യുന്നത് ബഹുമാന്യനായ ഡേവിഡ് ചിറമേൽ അച്ചനാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി യുക്മ ഒരുക്കിയിരിക്കുന്ന ഈ അവസരത്തിൽ തങ്ങളുടേതായ കലാപരിപാടികൾ വേദിയിൽ അവതരിപ്പിക്കുവാൻ യുക്മ അംഗ അസോസിയേഷനുകൾ തയ്യാറായിക്കഴിഞ്ഞു.

യുക്മ നാഷണൽ കലാമേളയിൽ കഴിഞ്ഞ മൂന്നു വർഷവും സീനിയേഴ്സ് സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് ഇനത്തിൽ ഒന്നാം സ്ഥാനം കുത്തകയാക്കി വച്ചിരിക്കുന്ന ഇപ്സ് വിച് മലയാളി അസോസിയേഷന്റെ ആര്യാ സുനില, അദ്വൈത ഉദയൻ, ജെനറ്റ് ജോജോ ജെസ്ലിൻ ജോജോ, ജീവ ജൈസണ്‍ എന്നീവരുടെ ആകർഷകമായ നൃത്ത പാടവം ആസ്വദിക്കുന്നതിനുള്ള അവസരം കാണികൾക്കായി യുക്മ ഉറപ്പാക്കി കഴിഞ്ഞു. എഷ്യാനെറ്റ് ടാലന്റ് കോണ്ടസ്റ്റിൽ സ്ഥിരമായി ഫൈനലിസ്റ്റുകളും, ഇപ്സ് വിചിലും സമീപ പ്രദേശങ്ങളിലെയും സാംസ്കാരികപരിപാടികളിലെ സജീവ സാന്നിദ്ധ്യവുമാണ് ഇവർ. ഇക്കഴിഞ്ഞ ഇപ്സ്വിച് ഇന്ത്യൻ മേളയിലെ ഇവരുടെ നൃത്തം കാണികളുടെ മുക്തകണ്ഠ പ്രശംസ നേടിയതാണ്.

കഴിഞ്ഞ മൂന്നു യുക്മ നാഷണൽ കലാമേളകളിലും പങ്കെടുത്ത ബാസിൽടനിലെ എൽദോ സഹോദരിമാർ കാണികളെ വിസ്മയത്തിലാഴ്ത്തിയവരാണ്. ബാസില്ടനിലെ പരിപാടികളിൽ സജീവ്‌ സാന്നിദ്ധ്യമായ ഇവർ കൂടി ചേർന്ന് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് യുക്മ നാഷണൽ കലാമേളയിൽ സിനിമാറ്റിക് ഗ്രൂപ്പ്‌ സബ്-ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതും എഷ്യാനെറ്റ് ടാലന്റ് കോണ്ടസ്റ്റിൽ സമ്മാനാർഹാമായതുമാണ്. അഭിനയമികവും നടനത്തഴക്കവും കൈമുതലായുള്ള ഈ കുരുന്നുകളെ പ്രോത്സാഹിപ്പിക്കാൻ യുക്മ ഫെസ്റ്റിൽ ഏവർക്കും അവസരം.

കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അഭിനയ കലയുടെ സമന്വയമായ ഒരു സ്കിറ്റുമായിആണ് ബാസിൽറ്റനിലെ മുതിർന്നവർ നോർത്താംപ്ടനിലെ യുക്മ ഫെസ്റ്റിൽ എത്തുന്നത്. കഴിഞ്ഞ നാഷണൽ കലാമേളയിൽ ഈസ്റ്റ്‌ ആംഗ്ലിയ റീജിയനിൽ നിന്നും എറ്റവും കൂടുത്തൽ പോയന്റു നേടിയ ബാസില്ടൻ മലയാളി അസോസിയേഷനിൽ നിന്നും മികച്ച പ്രോഗ്രാമുകൾ മാത്രമേ പ്രതീക്ഷിക്കാവൂ എന്ന താക്കീതോടെയാണ് ഇവർ യുക്മ ഫെസ്റ്റിലെത്തുന്നത്. കഴിഞ്ഞ ഓണക്കാലത്ത് കാണികളെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ആണും പെണ്ണുമായി വേഷം കെട്ടിയാടിയ രണ്ടു വീട്ടമ്മമാരുടെ ഡാൻസ് യുട്യൂബ് ഹിറ്റായി മാറാൻ ഏറെ നാൾ വേണ്ടി വന്നില്ല. ആ പ്രോഗ്രാമും യുക്മ ഫെസ്റ്റിൽ അവതരിപ്പിക്കപ്പെടും.

അംഗ ബലം കൊണ്ടും പ്രവർത്തനമികവു കൊണ്ടും യു കെയിലെ ഏതു അസ്സോസിയെഷനോടും കിടപിടിക്കുന്ന കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ ഗ്രൂപ്പ് ഡാൻസും എബിൻസ് എബ്രഹാമിന്റെ സംഗീതവുമായാണ് രംഗത്തെത്തുന്നത്. ഈസ്റ്റ്‌ ആംഗ്ലിയ രീജിയനിലെ സ്പോര്ട്സ് മേള, റീജിയണൽ കലാമേള, നാഷണൽ സ്പോര്ട്സ് മേള, യുക്മ ബാറ്റ്മിണ്ടാൻ എന്നിവക്ക് ആതിഥ്യമരുളിയ അസോസിയേഷനിൽ നിന്നും മികച്ച കലാപരിപാടികളുമായി യുക്മ ഫെസ്റ്റിനെത്തുമ്പോൾ വർണ്ണപ്പൊലിമയാർന്ന കാഴ്ചകൾ ആസ്വാദകർക്ക് ലഭ്യമാകുമെന്നത് നിസ്തർക്കമാണ്. 

സ്കൂൾ ഹോളിഡെയുടെ ആരംഭത്തിലെ ഈ ആഴ്ചാവസാനത്തിൽ നടക്കുന്ന യുക്മ ഫെസ്റ്റിൽ കുട്ടികള്ക്കായി പ്രത്യേക മാജിക് ഷോ, ഫെയിസ് പെയിന്റിംഗ്, ബൌണ്‍സി കാസിൽ മറ്റു ഗെയിമുകൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. യുക്മയുടെ ഇത്തരത്തിലെ ആദ്യ സംരംഭത്തിലേക്ക് യുക്മ നാഷണൽ കമ്മിറ്റി ഏവരെയും സാദരം ക്ഷണിക്കുകയാണ്. പാർക്കിംഗ്, ഭക്ഷണത്തിനും മറ്റുമുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുള്ള യുക്മ ഫെസ്റ്റിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. അല്ലൈട് ഫിനാൻഷ്യൽ സർവീസസ്, ബീ ഇന്റർനാഷണൽ, റിംഗ് റ്റു ഇന്ത്യ എന്നിവർ മുഖ്യ സ്പോൻസെഴ്സ് ആയ യുക്മ ഫെസ്റ്റിൽ വിസ്മയത്തിന്റെ മുഹൂർത്തങ്ങളുമായി രംഗത്ത് വരുന്ന കലാകാരൻമാരെ കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഏവർക്കും സ്വാഗതം.
കൂടുതല്‍വാര്‍ത്തകള്‍.