ഡല്‍ഹിയിലെ ദയനീയ തോല്‍വിക്ക് പിന്നിലെ ആം ആദ്മിക്ക് പഞ്ചാബിലും പ്രതിസന്ധി. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തെ 30ഓളം എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കി രംഗത്തുവന്നു. മുഖ്യമന്ത്രി ഭഗവത് മനിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. ഇതോടെ പഞ്ചാബിലെ എംഎല്‍എമാരുടെ യോഗം നാളെ വിളിച്ചിരിക്കുകയാണ് പാര്‍ട്ടി കണ്‍വീനറായ അരവിന്ദ് കെജ്രിവാള്‍.
എഎപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാരുമായി കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ച നടത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. എഎപിയുടെ 30 ഓളം എംഎല്‍എമാരുമായും ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 2022ലെ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117ല്‍ 92 സീറ്റുകള്‍ നേടിയാണ് എഎപി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്. നിലവില്‍ കോണ്‍ഗ്രസിന് 18 സീറ്റുകളും ശിരോമണി അകാലിദളിന് മൂന്ന് എംഎല്‍എമാരുമുണ്ട്.
പഞ്ചാബില്‍ എഎപിയില്‍ പിളര്‍പ്പുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാരില്‍ പുനഃസംഘടനയുണ്ടാകുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. അതേസമയം നിലവില്‍ ഒഴിവു വരുന്ന ലുധിയാന മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് കെജ്രിവാള്‍ പഞ്ചാബ് സര്‍ക്കാരില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു. പഞ്ചാബില്‍ മുഖ്യമന്ത്രിസ്ഥാനം കെജ്രിവാള്‍ ലക്ഷ്യമിട്ടേക്കുമെന്ന് പഞ്ചാബ് ബിജെപി നേതാവ് സുഭാഷ് ശര്‍മ്മയും അവകാശപ്പെട്ടു.