തിരുവനന്തപുരം : വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ നിരാശ്രയരും, നിര്‍ദ്ദനരും, വിധവകളുമായ സ്ത്രീകള്‍ക്ക് കേരളത്തിലെ ഓരോ ജില്ലകളിലും പത്തു വീടുകള്‍ വീതം, 140 വീടുകള്‍ പണിത് നല്‍കുന്നു . വേള്‍ഡ് പീസ് മിഷന്‍ വുമണ്‍ എംപവര്‍ മെന്റ് വിഭാഗമാണ് യോഗ്യതയുള്ളവരെ കണ്ടെത്തുന്നത്. ആദ്യ വീടിന്റെ കല്ലിടല്‍ കര്‍മ്മം, മാര്‍ത്തോമാ സഭയുടെ തിരുവനന്തപുരം ബിഷപ്പ് റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലോക്‌സിനോസ് 2025 മാര്‍ച്ച് 4ാം തീയതി നാലുമണിക്ക് കാട്ടാക്കട മണലിവിള തൂങ്ങാംപാറയില്‍ വെച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം നിര്‍വഹിക്കും . വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്‍, ചാരിറ്റി ഡയറക്ടര്‍ ശ്രീ. ഫിലിപ്പ് ജോസഫ്, പ്രോജക്ട് ഡയറക്ടര്‍ ഡോ. ഷിജു കിഴക്കേടം ( എംജി യൂണിവേഴ്‌സിറ്റി ) വേള്‍ഡ് പീസ് മിഷന്റെ ഭാരതീയ കലാസാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കവിയൂര്‍ ശിവപ്രസാദ്, വൈസ് പ്രസിഡന്റ് ഡോ. കെ. ആര്‍. ശ്യാമ ( ഗവണ്‍മെന്റ് കോളേജ് തിരുവനന്തപുരം) പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ ഹരി നമ്പൂതിരി, വേള്‍ഡ് പീസ് മിഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി സതി തമ്പി , സംസ്ഥാന ജനറല്‍ സെക്രട്ടറി ബീനാ അജിത്ത്, പ്രേജക്റ്റ് മാനേജര്‍ വിമല്‍ സ്റ്റീഫന്‍, കൂടാതെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും.
അതിദരിദ്രരായ സ്ത്രീകള്‍ക്ക് അഭയകേന്ദ്രം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം, അമ്മരുചി ഭക്ഷണശാല എന്നിവയും വിമന്‍ എംപവര്‍മെന്റിന്റെ ഭാഗമായി കേരളത്തില്‍ മാര്‍ച്ച് 15ാം തീയതി ആരംഭിക്കുന്നു. നിശബ്ദ ദുഃഖങ്ങളിലൂടെയും, ദുരിതങ്ങളിലൂടെയും കടന്നുപോകുന്ന സഹോദരിമാര്‍ക്ക് മുന്നില്‍ കരുണയും കരുതലും കാവലുമായി നിന്ന് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വേള്‍ഡ് പീസ് മിഷന്‍ വുമണ്‍ എംപവര്‍മെന്റ് പദ്ധതികള്‍ കേരളത്തില്‍ ആരംഭിക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്‍ പറഞ്ഞു.
ആഹാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി വിശക്കുന്നവര്‍ക്ക് മുന്നില്‍ അന്നവും അറിവും ആദരവോടെ നല്‍കിയും, സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെയും സ്വന്തബന്ധങ്ങള്‍ കൈവിട്ടവരെയും ഏറ്റുവാങ്ങി സംരക്ഷിച്ചും, ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലുമുള്ള വേദന അനുഭവിക്കുന്ന മനുഷ്യരെ ഒരു നല്ല സമരിയാക്കാരനെ പോലെ സംരക്ഷിച്ചും, വീണവനെ വീണ്ടും ചവിട്ടാതെ വീണ്ടെടുക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ മാതൃക നല്‍കിയും, രോഗികളും അവശരും,അലംബഹീനരുമയവരെ സ്‌നേഹ ശുശ്രൂഷകളിലൂടെയും , കൗണ്‍സിലിങ്ങിലൂടെയും വീണ്ടെടുത്ത് കാപട്യമില്ലാത്ത മനുഷിക നന്മയുടെ അകപൊരുള്‍ ജീവിതമാക്കി സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലുള്ള വേള്‍ഡ് പീസ് മിഷന്‍ നീയോഗശുദ്ധിയോടെ 30 വര്‍ഷം പിന്നിടുകയാണ്. നൂറിലേറെ രാജ്യങ്ങളിലായി ഇരുപതിനായിരത്തിലേറെ സന്നദ്ധ പ്രവര്‍ത്തകരുണ്ട് വേള്‍ഡ് പീസ് മിഷന്. യുഎസ് വേള്‍ഡ് പീസ് മിഷനും ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ്.
റിപ്പോര്‍ട്ട്: സ്‌നേഹാ സാബു MSW