2025 ലെ മൂന്ന് സുപ്രധാന ഇവന്റുകളുടെ തീയതികള്‍ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതിയുടെ ആദ്യ യോഗത്തില്‍ തന്നെ ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവന്റുകളുടെ തീയതികള്‍ പ്രഖ്യാപിച്ച് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
2025 ജൂണ്‍ 28 ശനിയാഴ്ചയാണ് യുക്മ ദേശീയ കായികമേള നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ മലയാളി കായികതാരങ്ങള്‍ ഏറെ ആവേശത്തോടെ പങ്കെടുക്കുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായി റീജിയണല്‍ കായികമേളകള്‍ വിവിധ റീജിയണുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടും. റീജിയണല്‍ കായികമേളകളിലെ വിജയികളാണ് ദേശീയ കായികമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹരാകുന്നത്.
യുക്മ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇവന്റും യുകെ മലയാളി സമൂഹം ഹൃദയത്തിലേറ്റിയതുമായ വള്ളംകളി ആഗസ്റ്റ് 30 ശനിയാഴ്ച നടത്തപ്പെടും. ഏഴാമത് യുക്മ കേരളപൂരം വള്ളംകളി - 2025 ആഗസ്റ്റ് 30ന് ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ സംഘടിപ്പിക്കുമ്പോള്‍ കഴിഞ്ഞ ആറ് വര്‍ഷവും പ്രധാന സംഘാടകനായി പ്രവര്‍ത്തിച്ച എബി സെബാസ്റ്റ്യന്‍ യുക്മയെ നയിച്ചുകൊണ്ട് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് 2025 ലെ കേരളപൂരം വള്ളംകളിക്ക്.
യുകെ മലയാളികളുടെ ജലോത്സവമായി മാറിക്കഴിഞ്ഞ യുക്മ കേരളപൂരം വള്ളംകളി, കേരളത്തിന് വെളിയില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സര വള്ളംകളിയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ജലമാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ സെലിബ്രിറ്റികളും വിശിഷ്ടാതിഥികളും ഈ വര്‍ഷവും എത്തിച്ചേരും.
വള്ളംകളിയോടൊപ്പം വിവിധ കേരളീയ കലാരൂപങ്ങളും അരങ്ങേറുന്ന കേരളപൂരം വള്ളംകളി യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷവേദി കൂടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ കുടുംബമൊന്നിച്ച് ആഘോഷിക്കുവാന്‍ പറ്റുന്ന വിധത്തിലുള്ള വന്‍ ഒരുക്കങ്ങളാണ് കേരളപൂരത്തിനോട് അനുബന്ധിച്ച് യുക്മ ആസൂത്രണം ചെയ്യുന്നത്.
യുകെയിലെ കലാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന യുക്മ പതിനാറാമത് ദേശീയ കലാമേള 2025 നവംബര്‍ 1 ശനിയാഴ്ച നടത്തുന്നതിന് ദേശീയ സമിതി തീരുമാനിച്ചു. കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമത്സരമെന്ന് പേരുകേട്ട യുക്മ കലാമേളയ്ക്ക് യുകെയിലെ കലാസ്വാദകര്‍ നല്‍കി വരുന്ന പിന്തുണ ഏറെ വലുതാണ്. ഒക്ടോബറിലെ വിവിധ ശനിയാഴ്ചകളിലായി റീജിയണല്‍ തലത്തില്‍ നടക്കുന്ന കലാമേളകളിലെ വിജയികള്‍ക്കാണ് ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ലഭിക്കുക.
യുക്മ കായികമേള, കലാമേള എന്നിവക്കുള്ള നിയമാവലി സമയബന്ധിതമായി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിക്കുന്നതാണ്.
യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണല്‍, ദേശീയ കായികമേളകള്‍, ഏഴാമത് യുക്മ കേരളപൂരം വള്ളംകളി, യുക്മ റീജിയണല്‍, ദേശീയ കലാമേളകള്‍ എന്നിവ വന്‍ വിജയമാക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കുര്യന്‍ ജോര്‍ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)