യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റിയുടെ ആദ്യ യോഗം യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാകുടിയുടെ അദ്ധ്യക്ഷതയില്‍ മാഞ്ചെസ്റ്ററില്‍ വച്ച് നടന്നു. റീജിയണല്‍ സെക്രട്ടറി സനോജ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പുതിയതായി നാഷണല്‍ പി ആര്‍ ഓ & മീഡിയ കോ ഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ അംഗമായ ബോള്‍ട്ടണില്‍ നിന്നുള്ള കുര്യന്‍ ജോര്‍ജ്, മുന്‍വര്‍ഷത്തെ യുക്മ നാഷണല്‍ സെക്രട്ടറിയും, പി ആര്‍ ഓയും ആയിരുന്ന അലക്‌സ് വര്‍ഗീസ്, നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ദേശീയ സമതി അംഗവുമായ ബിജു പീറ്റര്‍ തുടങ്ങിയവരെ ആദരിച്ചു.
ട്രഷറര്‍ ഷാരോണ്‍ ജോസഫ്, വൈസ് പ്രസിഡന്റ് അഭിറാം, ജോയിന്റ് സെക്രട്ടറി സെക്രട്ടറി ജെറിന്‍ ജോസ്, ജോയിന്റ് ട്രഷറര്‍ ജോസഫ് മാത്യു, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജീവ് സി.പി, പി ആര്‍ ഓ അനില്‍ ഹരി, ചാരിറ്റി കോര്‍ഡിനേറ്റര്‍ ബിജോയ് തോമസ്, സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ ജനീഷ് കുരുവിള, നഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ ജില്‍സന്‍ ജോസഫ്, മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങി ഭൂരിപക്ഷം ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. വരുന്ന വര്‍ഷത്തെ (2025) ലെ കര്‍മ്മപരിപാടികളുടെ അവലോകനവും, പ്രധാന പരിപാടികളുടെ തീയതികളും തീരുമാനിച്ചു. ഇതനുസരിച്ച് റീജിയണല്‍ കായിക മേള ജൂണ്‍ 21 നും കലാമേള ഒക്ടോബര്‍ 11 നും നടത്തുവാനായി തീരുമാനമെടുത്തു. നഴ്‌സസ് ഡേ സെലിബറേഷന്‍ നടത്തുവാനും തീരുമാനിച്ചു. സ്ഥലങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പുതിയ കര്‍മ്മപരിപാടികള്‍ നടത്തുവാനും മീറ്റിംഗില്‍ തീരുമാനം ആയി. റീജിണല്‍ കലാമേള, റീജിയണല്‍ കായികമേള എന്നിവ നാഷണല്‍ മത്സരങ്ങള്‍ക്ക് മുന്‍പായി സമയബന്ധിതമായി നടത്തുവാന്‍ കമ്മിറ്റിയില്‍ തീരുമാനം എടുത്തു. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും മലയാളി സമൂഹത്തിന്റെ സാനിധ്യം കൊണ്ടും ശ്രദ്ധേയമായപോലെ ഈ വര്‍ഷവും അതെ വിജയം ആവര്‍ത്തിക്കുവാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് പ്രസിഡന്റ് ഷാജി തോമസ് വരാകുടി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ട്രഷറര്‍ ഷാരോണ്‍ ജോസഫിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
അനില്‍ ഹരി
(പി ആര്‍ ഒ, നോര്‍ത്ത് വെസ്റ്റ് റീജിയന്‍)