ഹൃദയം തകര്‍ത്ത വേദനയ്ക്ക് പരിഹാരം മറ്റുള്ളവരുടെ ജീവനെടുത്ത് രസിക്കുന്നതാണോയെന്ന ചോദ്യം ബാക്കിയാക്കി ഇന്ത്യന്‍ വംശജന്‍ ഭീം കോഹ്‌ലിയുടെ കൊലപാതകം. കാമുകി ഇട്ടിട്ട് പോയ രോഷത്തില്‍ നില്‍ക്കുമ്പോഴാണ് പ്രായമായ വ്യക്തിക്ക് നേരെ അതിക്രമം നടത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തലാണ് ഞെട്ടലാകുന്നത്. ഇപ്പോള്‍ 15 വയസ്സായ ആണ്‍കുട്ടിയാണ് കാമുകി 'പോയതിന്റെ' ദേഷ്യത്തില്‍ 80-കാരനെ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയത്.
വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയപ്പോഴാണ് ഭീം കോഹ്‌ലി കൗമാരക്കാരന് മുന്നില്‍ പെടുന്നത്. യാതൊരു കാരണവുമില്ലാതെയാണ് പ്രതി ഇദ്ദേഹത്തെ അക്രമിച്ചത്. ഫുട്‌ബോള്‍ ഭ്രാന്തനില്‍ നിന്നും തെമ്മാടിയിലേക്കുള്ള വഴിമാറ്റത്തിനാണ് ഇത് വഴിയൊരുക്കിയത്. കൗണ്‍സില്‍ എസ്‌റ്റേറ്റില്‍ തൊഴില്‍രഹിതയായ അമ്മയാണ് ആണ്‍കുട്ടിയെ വളര്‍ത്തിയത്.
ആണ്‍കുട്ടി കോഹ്‌ലിയെ വംശീയമായി അധിക്ഷേപിക്കുകയും, സ്ലൈഡര്‍ സാന്‍ഡല്‍ ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ മുഖത്ത് അടിക്കുകയുമാണ് ചെയ്തത്. മുട്ടുകുത്തിപ്പോയ വൃദ്ധനെ ക്രൂരമായി ഉപദ്രവിച്ചു. 12 വയസ്സുള്ള പെണ്‍സുഹൃത്ത് ചിരിച്ചുകൊണ്ട് ഈ അക്രമങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു.
ഇരുവരും നരഹത്യാ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സപ്പോര്‍ട്ട് വര്‍ക്കര്‍ക്ക് അയച്ച കത്തിലാണ് കാമുകിയുമായി വേര്‍പിരിഞ്ഞതിന്റെ രോഷം തീര്‍ക്കാനാണ് കോഹ്‌ലിയെ അക്രമിച്ചതെന്ന് ഇവന്‍ വെളിപ്പെടുത്തിയത്. ഞാനാണ് അത് ചെയ്തത്, പക്ഷെ ഇതിന് എത്രകാലം ശിക്ഷ വേണ്ടിവരുമെന്നത് ഭയപ്പെടുത്തുന്നു, കത്തില്‍ പറയുന്നു.
ഇപ്പോള്‍ 13 വയസ്സുള്ള പെണ്‍കുട്ടി അക്രമത്തെ പ്രോത്സാഹിപ്പിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെയാണ് ഇരുവരും നരഹത്യാ കേസില്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഇവരുടെ ശിക്ഷകള്‍ മേയ് 19, 20 തീയതികളിലായി പ്രഖ്യാപിക്കും.