ലിസ്ബണില്‍ സമീക്ഷയുടെ കലാമാമാങ്കമായ കേരളീയത്തിന് വര്‍ണാഭമായ കൊടിയിറക്കം.ലോറല്‍ഹില്‍ കമ്മ്യൂണിറ്റി കോളജില്‍ നടന്ന സര്‍ഗോത്സവത്തില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. പെര്‍ഫോമിങ്ങ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ്, ലിറ്റററി ആര്‍ട്‌സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സീനിയര്‍ വിഭാഗത്തില്‍ ടെസ്സ് മേരി കലാതിലക പട്ടം ചൂടി. അഡല്‍റ്റ് വിഭാഗത്തില്‍ ഷാരോണ്‍ ബെന്നിയാണ് കലാതിലകമായത്. ജൂനിയര്‍ വിഭാഗത്തില്‍ ഡീഗോ സാനിയല്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ജൊഹാന സാറാ ജനു കലാതിലകമായി. സര്‍ഗ്ഗോത്സവത്തില്‍ ഉടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹെലന്‍ റേച്ചല്‍ ലിജോയ് ആണ് ബാലതാരം.
കേരളീയത്തിന്റെ സമാപന സമ്മേളനത്തിനോട് അനുബന്ധിച്ച് നോര്‍ത്തേണ്‍ ഐര്‍ലന്റിലെ പ്രൊഫഷണല്‍ നര്‍ത്തകരെ അണിനിരത്തി അവതരിപ്പിച്ച നൃത്തശില്പം വേറിട്ട കാഴ്ചയായി. കാണികള്‍ എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് നൃത്തശില്പം ആസ്വദിച്ചത്. തുടര്‍ന്ന് കലാകേളി വാദ്യസംഘം അവതരിപ്പിച്ച തായമ്പക കാണികളെ ത്രസിപ്പിച്ചു. പ്രൊവിന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിര (ഡറി-ലണ്ടന്‍ഡറി), ഒപ്പന (ലിസ്ബണ്‍ ), മാര്‍ഗ്ഗംകളി (പോര്‍ട്ടഡൗണ്‍) എന്നിവ അരങ്ങേറി.
ലളിതമായ ഉദ്ഘാടനച്ചടങ്ങിന് ശേഷമാണ് മത്സരങ്ങള്‍ ആരംഭിച്ചത്. കര്‍മ്മാ കലാകേന്ദ്രത്തിലെ നൃത്താദ്ധ്യാപികയായ ബിജിനി ജയപ്രകാശ് ഭദ്രദീപം കൊളുത്തി, ജനറല്‍ കണ്‍വീനര്‍ ആതിരാ രാമകൃഷ്ണന്‍ സ്വാഗതവും സുബിതാ ശ്രീഹരി നന്ദിയും പറഞ്ഞു. സമീക്ഷ യുകെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബൈജു നാരായണന്‍ സംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍ഗവേദി നോര്‍ത്തേണ്‍ ഐര്‍ലന്‍ഡ് കോര്‍ഡിനേറ്റര്‍ ശ്രീ
എസ്.എസ്.ജയപ്രകാശ് സ്വാഗതം പറഞ്ഞു. ജോബി പരിയാടാന്‍ ആശംസയും പ്രദീപ് പ്ലാക്കല്‍ നന്ദിയും അറിയിച്ചു.
മത്സര വേദിക്കരികെ കേരളീയ ഭക്ഷണങ്ങള്‍ തയ്യാറാക്കിയിരുന്നു. കാന്താരി ചിക്കനും കോട്ടയത്തെ മാമിച്ചേടത്തിയുടെ കടയില്‍ നിന്നുമെത്തിച്ച ലഘുഭക്ഷണങ്ങളും രുചി വൈവിധ്യങ്ങളായി. ലോക പ്രശസ്തമായ നിരവധി കോഫീ
ബ്രാന്റുകളും ഭക്ഷണശാലയില്‍ ഇടംപിടിച്ചു. ബൗണ്‍സി കാസിലുകളും ഗെയിമുകളും അടങ്ങിയ വണ്ടര്‍വില്ലയും ഒരുക്കിയിരുന്നു. സമീക്ഷയുടെ പഴുതടച്ച സംഘാടന മികവിന് മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വടക്കന്‍ ഐര്‍ലന്റില്‍ സംഘടിപ്പിച്ച
സര്‍ഗോത്സവം.
നാഷണല്‍ സെക്രട്ടേറിയറ്റ്
സമീക്ഷ യുകെ