യുക്മയുടെ കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മുഖമായ യുക്മ സാംസ്‌കാരിക വേദിയുടെ വൈസ് ചെയര്‍മാനായി ലിറ്റി ജിജോ, ജനറല്‍ കണ്‍വീനര്‍മാരായി ബിനോ ആന്റണി, അഡ്വ. ജാക്‌സണ്‍ തോമസ് എന്നിവരെ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നിയോഗിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. കഴിഞ്ഞ കാലങ്ങളില്‍ യു കെ മലയാളികളുടെ സര്‍ഗ്ഗ വാസനകളെയും സാംസ്‌കാരിക ചേതനയെയും പരിപോഷിപ്പിക്കുവാന്‍ പോന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജജ സ്വലതയോടെ മുന്നോട്ട് കൊണ്ടു പോകുവാന്‍ പ്രാപ്തരും പരിചയ സമ്പന്നരുമായ നേതൃനിരയാണ് ചുമതലയേല്‍ക്കുന്നത്.
ലിറ്റി ജിജോ - വൈസ് ചെയര്‍മാന്‍
യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കുന്ന ലിറ്റി ജിജോ യു കെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാണ്. മികച്ച സംഘാടകയും മികവുറ്റ കലാകാരിയുമായ ലിറ്റി യുകെ മലയാളി സമൂഹത്തിന്റെ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്.
2019 - 2022 കാലയളവില്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച ലിറ്റി യുക്മ ദേശീയ കലാമേള, യുക്മ കരിയര്‍ ഗൈഡന്‍സ് , യുക്മ യൂത്ത് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യു കെ യിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളില്‍ ഒന്നായ ബര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ലിറ്റി ബി.സി.എം.സി യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. യു കെ ക്‌നാനായ വിമന്‍സ് ഫോറം സ്ഥാപക നേതാക്കളില്‍ ഒരാളായ ലിറ്റി ക്‌നാനായ വിമന്‍സ് ഫോറം അഡ്‌ഹോക് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ബര്‍മിംങ്ഹാം കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്‍.എച്ച്.എസ്സ് ട്രസ്റ്റില്‍ സീനിയര്‍ കമ്യൂണിറ്റി ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ലിറ്റി ഭര്‍ത്താവ് ജിജോ ഉതുപ്പ്, വിദ്യാര്‍ത്ഥികളായ മക്കള്‍ സൈറ മരിയ ജിജോ (Year 13), റബേക്ക ആന്‍ ജിജോ (Year 7) എന്നിവരോടൊപ്പം ബര്‍മിംങ്ഹാമിലാണ് താമസിക്കുന്നത്.
ബിനോ ആന്റണി - ജനറല്‍ കണ്‍വീനര്‍
യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറായി ചുമതലയേല്‍ക്കുന്ന ബിനോ ആന്റണി യുക്മയുടെ തുടക്ക കാലം മുതല്‍ സംഘടനയുടെ സഹയാത്രികനാണ്. കലാ, കായിക, സാംസ്‌കാരിക രംഗങ്ങളിലെ മികച്ച ഒരു സംഘാടകന്‍ എന്ന നിലയില്‍ യു കെ മലയാളികള്‍ക്ക് സുപരിചിതനാണ് ബിനോ ആന്റണി.
യുക്മ ദേശീയ ട്രഷറര്‍ എന്ന നിലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുള്ള ബിനോ ആന്റണി വെയില്‍സ് റീജിയണില്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. 2022 - 2025 കാലയളവില്‍ യുക്മ ദേശീയ നിര്‍വ്വാഹക സമിതിയംഗമായി പ്രവര്‍ത്തിച്ച ബിനോ വെയിത്സിലെ കാര്‍ഡിഫില്‍ താമസിക്കുന്നു. കാര്‍ഡിഫ് മലയാളി അസ്സോസ്സിയേഷന്‍ (CMA) അംഗമായ ബിനോ CMA പ്രസിഡന്റ് സ്ഥാനമുള്‍പ്പടെ നിരവധി ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്.
അഡ്വ. ജാക്‌സണ്‍ തോമസ് - ജനറല്‍ കണ്‍വീനര്‍
യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറായി ചുമതലയേല്‍ക്കുന്ന അഡ്വ. ജാക്‌സണ്‍ തോമസ് യു കെ യിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ്. തന്റെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ യു കെ മലയാളികള്‍ക്ക് ചിരപരിചിതനായ ജാക്സണ്‍ ഒരു മികച്ച സംഘാടകന്‍ കൂടിയാണ്.
2019 - 2022 കാലയളവില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റായിരുന്ന ജാക്‌സണ്‍ കഴിഞ്ഞ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള അംഗമായിരുന്നു. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഈ നിയമ ബിരുദധാരി അഭിനേതാവ്, ഗാന രചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. അഞ്ചോളം ദൂരദര്‍ശന്‍ സീരിയലുകളില്‍ വേഷമിട്ടിട്ടുള്ള ജാക്‌സണ്‍ യു കെ യിലെ കലാ, സാംസ്‌കാരിക രംഗങ്ങളിലും പൊതുരംഗത്തും വളരെ സജീവമായ പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നത്.
മാഞ്ചസ്റ്ററിനടുത്ത് സാല്‍ഫോര്‍ഡില്‍ താമസിക്കുന്ന ജാക്‌സണ്‍ സാല്‍ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ്, സീറോ മലബാര്‍ സാല്‍ഫോര്‍ഡ് മിഷന്‍ ട്രസ്റ്റി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സീറോ മലബാര്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ ക്രിസ്റ്റ്യന്‍ യൂണിയന്‍ ഫെയ്ത്ത് & ജസ്റ്റീസ് കമ്മീഷന്‍ അംഗമായും ജാക്‌സണ്‍ സേവനമനുഷ്ഠിക്കുന്നു.
കലാ വിഭാഗം, സാഹിത്യ വിഭാഗം, നാടകക്കളരി, ഫിലിം ക്‌ളബ്ബ് എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടാണ് സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും പ്രഗത്ഭരും പരിചയ സമ്പന്നരുമായ ആളുകളെ ഉള്‍പ്പെടുത്തി സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നുള്ള പ്രതീക്ഷയാണ് യുക്മ ദേശീയ നിര്‍വ്വാഹക സമിതിയ്ക്കുള്ളത്.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)