അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെയാണ് വിമാനത്താവളങ്ങള്‍ അടച്ചത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദ്ദേശപ്രകാരം അടച്ചത്.
അതിനിടെ, ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകള്‍ രാജ്യത്ത് 26 ഇടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വടക്ക് ബാരാമുള്ള മുതല്‍ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകള്‍ കണ്ടെത്തിയത്. രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പഞ്ചാബിലെ ജനവാസ മേഖലകളിലേക്ക് പാക്കിസ്ഥാനില്‍നിന്നുള്ള ഡ്രോണുകള്‍ എത്തിയതായി എഎപി എംപി രാഘവ് ചദ്ദ പറഞ്ഞു. ''ഭീകരവാദികളുടെ രാഷ്ട്രമാണ് തങ്ങളുടേതെന്ന് പാക്കിസ്ഥാന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പഞ്ചാബിലെയും ജമ്മുകശ്മീരിലെയും രാജസ്ഥാനിലെയും ജനാവാസ മേഖലകളിലേക്ക് അവര്‍ ഡ്രോണുകള്‍ എറിഞ്ഞു. പാക്കിസ്ഥാന്‍ എങ്ങനെയാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്നതെന്ന് ലോകം കാണേണ്ടതുണ്ട്'' ഛദ്ദ എക്സില്‍ കുറിച്ചു.