ഇന്ത്യ-പാക് വിഷയത്തിലെ അമേരിക്കന്‍ ഇടപെടലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗവും പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മുഴുവന്‍ നടപടികള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ അമേരിക്ക ഇടപ്പെട്ടതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു. രാജ്യത്തിന്റെ കാര്യം ട്രംപിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗവും പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ എന്നും നഷ്ടവും നേട്ടവും അറിയണമെന്നും പവന്‍ ഖേര പറഞ്ഞു.
അമേരിക്കന്‍ മധ്യസ്ഥതയ്ക്ക് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് തയ്യാറായതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.എന്നാല്‍ വെടി നിര്‍ത്തലിന് ഇടപെട്ടെന്ന ട്രംപിന്റെ വാദം ഇന്ത്യ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള താരതമ്യങ്ങളും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആരംഭിച്ചിട്ടുണ്ട്.